കൊല്ലം: പെൻഷൻകാരുടേത് ഉൾപ്പെടെ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ മുഴുവൻ വിതരണം ചെയ്യുമെന്നതിൽ ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. ആനുകൂല്യങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി തന്നെയാണ് ഉറപ്പു നൽകിയിട്ടുള്ളത്.
മുടങ്ങിയ സാമൂഹിക ക്ഷേമ പെൻഷനുകൾ ഒരുമിച്ച് നൽകുവാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർന്നും മുടക്കം വരാതെ അതതുമാസം തന്നെ വിതരണം ചെയ്യുന്ന സ്ഥിതിയിലേക്ക് ഉടൻ എത്താനാകുമെന്നും അദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ 32മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അർഹമായ വിഹിതങ്ങൾ നൽകാതെ കേന്ദ്രം കേരളത്തോട് ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. മലയാളികൾക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് വൈകാതെ ചരക്ക്നീക്കം ആരംഭിക്കും. തൊഴിൽ മേഖലയിലും വികസനത്തിലും ഇത് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എസ്.പി.യു സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവർ സംസാരിച്ചു. കൊല്ലം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, യൂനിയൻ ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, സെക്രട്ടറി എസ്. വിജയധരൻപിള്ള, ട്രഷറർ കെ. സദാശിവൻ നായർ, ജില്ല പ്രസിഡന്റ് പി. ചന്ദ്രശേഖരൻപിള്ള, ജില്ല ട്രഷറർ കെ. സമ്പത്ത്കുമാർ എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് ആയി എൻ. സദാശിവൻ നായരെയും ജനറൽ സെക്രട്ടറിയായി ആർ. രഘുനാഥൻ നായരെയും ട്രഷറർ ആയി കെ. സദാശിവൻ നായരെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
വെള്ളിയാഴ്ച ട്രേഡ് യൂനിയൻ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച രാവിലെ 10ന് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 11.30ന് വനിത സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഞ്ച് നിർധനർക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.