തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം. കേരളത്തിന് നേട്ടം ചരിത്രത്തില്‍ ആദ്യമായാണ്. കേരളം ഭക്ഷ്യസുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഒന്നാം സ്ഥാനമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച വകുപ്പിലെ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധന മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനം തുടങ്ങി 40ഓളം പ്രവര്‍ത്തനങ്ങളിലെ മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിലെ സ്ഥാനം നിശ്ചയിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളില്‍ നടപ്പാക്കിയതും 500 ഓളം സ്‌കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ (എസ്.എന്‍.എഫ്@സ്‌കൂള്‍) പദ്ധതി നടപ്പാക്കിയതും പൊതുജനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ 3000ത്തോളം ബോധവത്കരണ ക്ലാസുകള്‍ നടത്തിപ്പിച്ചതുമാണ് സൂചികയില്‍ ഒന്നാമതെത്താൻ കേരളത്തിന് വഴിയൊരുക്കിയത്.
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകള്‍ നടത്തിയിരുന്നു.
ട്രോഫിയും പ്രശസ്തിഫലകവുമടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മണ്‍സൂഖ് മാണ്ഡവ്യയില്‍നിന്ന് ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.ആര്‍. വിനോദ് ഏറ്റുവാങ്ങി. മുന്‍ വര്‍ഷത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് (28.94 കോടി) ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 2022-23 കാലയളവില്‍ സംസ്ഥാനം നേടിയത്. 15.41 കോടി രൂപ നേടിയ 2018-2019 ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.