അഭിപ്രായ സ്വാതന്ത്ര്യത്തിന് അടിവരയിടുന്ന വിധിയെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അടിവരയിടുന്നതാണ് മീഡിയ വൺ കേസിലെ സുപ്രീംകോടതി വിധിയെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഭരണകൂടനയങ്ങളെ വിമർശിച്ചതു കൊണ്ടു മാത്രം ഒരു മാധ്യമത്തിനു മേൽ ദേശദ്രോഹമുദ്ര ചാർത്തരുതെന്നാണ് കോടതിയുടെ നിരീക്ഷണം. ദേശസുരക്ഷയെ പൗരവകാശ നിഷേധത്തിനുള്ള ഉപകരണമായി ഭരണകൂടം ഉപയോഗിക്കുന്നുവെന്ന സുപ്രീംകോടതി നിരീക്ഷണം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുണ്ടായ വർത്തമാനകാല സംഭവങ്ങളോടുള്ള ചേർത്തു വായിക്കലായി വിലയിരുത്താം.

ജനാധിപത്യവും പൗരാവകാശവും സർവോപരി അഭിപ്രായ സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി. നീതിബോധത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഈ വിധി കൂടുതൽ പ്രകാശഭരിതമാക്കുന്നു. മീഡിയ വൺ നടത്തിയ നിയമപോരാട്ടത്തിൽ തുടക്കം മുതൽ കേരള പത്രപ്രവർത്തക യൂണിയനും ഒപ്പം ഉണ്ടായിരുന്നു.

മാധ്യമ സ്വാതന്ത്ര്യവും തൊഴിലവകാശവും ഉറപ്പു വരുത്താനുള്ള നിയമയുദ്ധത്തിൽ യൂണിയൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നു. മാധ്യമരംഗത്തെ തൊഴിലാളിപക്ഷ വിജയം കൂടിയാണ് സുപ്രീംകോടതിവിധിയെന്നും ഒപ്പം നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.

Tags:    
News Summary - kerala union of working journalists Press Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.