കേരള സെനറ്റ്: വിട്ടുവീഴ്ചക്ക് തയാറായാൽ തീരുന്ന പ്രശ്നമെന്ന് ഹൈകോടതി

കൊച്ചി: ഇരുവിഭാഗവും ചെറിയ വിട്ടുവീഴ്ചക്ക് തയാറായാൽ തീരുന്നതാണ് കേരള സർവകലാശാല സെനറ്റുമായി ബന്ധപ്പെട്ട പ്രശ്നമെന്ന് ഹൈകോടതി. വൈസ് ചാൻസലറുടെ നിയമനത്തിന് സെനറ്റിന്റെ പ്രതിനിധിയില്ലാതെ സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച ഗവർണറുടെ വിജ്ഞാപനം പിൻവലിക്കാതെ നോമിനിയെ നൽകില്ലെന്ന് സെനറ്റും വിജ്ഞാപനം പിൻവലിക്കാതെ സെനറ്റിന്റെ പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാവുമെന്ന് ചാൻസലർ കൂടിയായ ഗവർണറും പറയുന്നു.

പ്രതിനിധിയെ നൽകാൻ സെനറ്റ് തീരുമാനിക്കുകയോ വിജ്ഞാപനം പിൻവലിക്കാൻ ഗവർണർ തീരുമാനം എടുക്കുകയോ ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഗവർണർ പ്രീതി പിൻവലിക്കുന്നത് നിയമപരമായി ആകണമെന്നും വ്യക്തിപരമായ കാരണങ്ങളാലാവരുതെന്നും കോടതി കൂട്ടിച്ചേർത്തു. അന്യായമായ വിജ്ഞാപനത്തിലൂടെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റിൽനിന്ന് ഒഴിവാക്കപ്പെട്ട 15 അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

സർക്കാർ നോമിനിയായി സെനറ്റിലേക്ക് വരുന്നവർക്ക് സർക്കാറിനെതിരെ നിലപാട് എടുക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. സർക്കാർ നിലപാട് അറിയിക്കാനല്ലേ സർക്കാറിന്റെ പ്രതിനിധികളെന്നും ഇതേ നിലപാട് ഗവർണറുടെ നോമിനികൾക്കും ബാധകമാവില്ലേയെന്നും കോടതി ചോദിച്ചു.

കക്ഷികൾ ഇക്കാര്യങ്ങളിൽ വാദത്തിന് തയാറാകാനും നിർദേശിച്ചു. വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും എത്രയുംവേഗം വി.സിയെ തെരഞ്ഞെടുക്കാനല്ലേ എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും ചോദിച്ച കോടതി, ഹരജികൾ വിശദവാദത്തിനായി ഡിസംബർ ഏഴിലേക്ക് മാറ്റി.

Tags:    
News Summary - Kerala university Senate: High Court says problem will be solved if ready to compromise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.