തിരുവനന്തപുരം: 15 സെനറ്റംഗങ്ങളെ നീക്കി ഗവർണർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ അവരെ സെനറ്റിൽനിന്ന് നീക്കിയുള്ള അറിയിപ്പ് സർവകലാശാല രജിസ്ട്രാർ കൈമാറി. ഇതോടെ അടുത്തമാസം നാലിനും 19നും വിളിച്ചുചേർത്ത സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് പിൻവലിച്ചതായി കണക്കാക്കപ്പെടും. നാലിന് ചേരുന്ന സെനറ്റ് യോഗം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നെങ്കിലും അംഗങ്ങൾക്കുള്ള അറിയിപ്പിൽ ഈ വിഷയം അജണ്ടയിലില്ല. സെർച്ച് കമ്മിറ്റി രൂപവത്കരിച്ചുള്ള ഗവർണറുടെ ഉത്തരവ് പിൻവലിച്ചശേഷമേ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കൂവെന്നായിരുന്നു സി.പി.എം അംഗങ്ങളുടെ നിലപാട്.
കമ്മിറ്റിയുടെ മൂന്നുമാസ കാലാവധി നാലിന് അവസാനിക്കുമെന്നതിനാലാണ് അന്ന് ചേരുന്ന സെനറ്റ് യോഗം പ്രതിനിധിയെ നിശ്ചയിക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ കമ്മിറ്റിയുടെ കാലാവധി വീണ്ടും മൂന്നുമാസം കൂടി നീട്ടിയത് സി.പി.എം അംഗങ്ങളെ വെട്ടിലാക്കി. സെർച്ച് കമ്മിറ്റി രൂപവത്കരിച്ച ഗവർണറുടെ ഉത്തരവ് പിൻവലിച്ചശേഷമേ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കൂവെന്ന ആദ്യ നിലപാടിൽ ഉറച്ചുനിൽക്കാൻ മന്ത്രിയുടെ പ്രഖ്യാപനം കാരണം സി.പി.എം അംഗങ്ങൾക്ക് ഇനി എത്രത്തോളം കഴിയുമെന്നത് സംശയമാണ്.
അതേസമയം, പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ ഗവർണറുടെ നടപടി ചോദ്യംചെയ്ത് അടുത്തയാഴ്ച ഹൈകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്. നിലവിലെ വി.സിയുടെ കാലാവധി 24ന് അവസാനിക്കുന്നതിനാൽ താൽക്കാലിക ചുമതല ലഭിക്കുന്ന വി.സിയുടെ അധ്യക്ഷതയിലാവും നാലിന് സെനറ്റ് യോഗം ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.