തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. വ്യാഴാഴ്ച രാവിലെ 10.30ന് മ്യൂസിയം ജങ്ഷനിൽ നിന്ന് രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ അണി നിരന്നു.
കുത്തകകളിൽ നിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജി.എസ്.ടി ബാധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമരം ഉദ്ഘാനം ചെയ്ത ഭാരതീയ ഉദ്യോഗ് മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽഗുപ്ത ആവശ്യപ്പെട്ടു.
സർക്കാറിന്റെ കൈത്താങ്ങില്ലാതെ ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികൾക്ക് പിടിച്ചുനിൽക്കാനാവില്ല. വ്യാപാരികളെ ചേർത്തുപിടിക്കേണ്ടതിനു പകരം അവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെട്ടിട വാടകക്കുമേലുള്ള ജി.എസ്.ടി വ്യാപാരിയുടെ തലയിൽ കെട്ടിവെച്ച നിബന്ധനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന വർക്കിങ് പ്രസിഡൻറ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ ദേവരാജൻ സീനിയർ വൈസ് പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് തുടങ്ങി സംസ്ഥാന ഭാരവാഹികളായ സി. ധനീഷ് ചന്ദ്രൻ, വൈ. വിജയൻ, എം.കെ. തോമസ് കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, ജോജിന് ടി. ജോയ്, വി. സബിൽ രാജ്, എ.ജെ. റിയാസ്, സലിം രാമനാട്ടുകര, വനിതാ വിങ് സംസ്ഥാന പ്രസിഡൻറ് ശ്രീജ ശിവദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.