കണ്ണൂർ: അവയവദാനം അത്ര പരിചിതമല്ലാത്ത കാലത്ത് തന്റെ അനുജന് വൃക്ക ദാനം നൽകിയ മയ്യിൽ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി 100ാം വയസ്സിൽ നിര്യാതയായി. കേരളത്തിലെ ആദ്യ വൃക്ക ദാതാവായി അറിയപ്പെടുന്ന നാരായണി 41 വർഷം മുമ്പാണ് ഇരുവൃക്കയും തകരാറിലായി മരണത്തോട് മല്ലടിച്ച സഹോദരൻ പി.പി. കുഞ്ഞിക്കണ്ണന് വൃക്ക നൽകിയത്. കുഞ്ഞനുജന്റെ പുഞ്ചിരി എന്നും കാണണമെന്ന ചിന്തയാണ് തന്റെ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്ന് പറഞ്ഞത്.
1982ലാണ് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സഹോദരങ്ങൾ നാലുപേർ വേറെ ഉണ്ടായിരുന്നെങ്കിലും രക്ത ഗ്രൂപ്പുകൾ യോജിച്ചില്ല. ഇതോടെയാണ് കുഞ്ഞിക്കണ്ണനേക്കാൾ 20 വയസ്സിന് മൂത്ത നാരായണി വൃക്ക നൽകാൻ തയാറായത്. കേരളത്തിൽ അപൂർവമായിരുന്ന ശസ്ത്രക്രിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെയും ഗവർണർ ജ്യോതി വെങ്കിടാചലത്തിന്റെയും പ്രത്യേക ഇടപെടലോടെയാണ് നടത്തിയത്. കുഞ്ഞിക്കണ്ണൻ 10 വർഷംമുമ്പ് മരിച്ചു. പരേതനായ ഗോവിന്ദനാണ് നാരായണിയുടെ ഭർത്താവ്. മക്കൾ: ചന്ദ്രിക (സി.പി.എം ഒറപ്പടി നോർത്ത് ബ്രാഞ്ച് അംഗം), പരേതരായ ശാന്ത (കുറ്റിക്കോൽ), ദാമോദരൻ, സുമതി. മറ്റ് സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാരായണൻ, കുഞ്ഞിരാമൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.