കേരളത്തിന്റെ വ്യാവസായിക പിന്നാക്കാവസ്ഥ: ഉത്തരവാദിത്തം ഇരുമുന്നണികള്‍ക്കുമെന്ന് പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം : കേരളത്തിന്റെ വ്യാവസായിക പിന്നാക്കാാവസ്ഥയക്ക് കാരണം സംസ്ഥാനം ഇതുവരെ ഭരിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളാണെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍. ഇന്ത്യയിലേക്ക് വന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അരശതമാനം മാത്രമാണ് കേരളത്തിന് കിട്ടിയുള്ളു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ കേരളം 28 ാമതാണ്. ബി.ആര്‍.എ പി. റാങ്കിംഗിലും കേരളം ഏറ്റവും പിറകിലാണ്. കേരളത്തില്‍ നിന്ന് വിദ്യാസമ്പന്നരായ യുവാക്കള്‍ തൊഴില്‍ തേടി പുറത്തേക്ക് പോകുകയാണ്. ഇക്കാര്യങ്ങള്‍ കേരളം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് ബസുടമ രാജ്‌മോഹനും കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാനുംആക്രമിക്കപ്പെട്ടത് ആശങ്കാജനകമാണ്. ഈ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടി എടുക്കേണ്ടിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഏത് വ്യവസായിയാണ് കേരളത്തില്‍ നിക്ഷേപിക്കുക. കിറ്റെക്‌സ് കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പോയി. കേരളത്തില്‍ യൂനിറ്റ് തുടങ്ങാനിരുന്ന ബി.എം.ഡബ്ല്യു കമ്പനിയെ സ്വാഗതം ചെയ്തത് ഹര്‍ത്താലാണ്. അതോടെ അവര്‍ മതിയാക്കി. 90,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന കൊച്ചി ഐ.ടി പാര്‍ക്ക് വഴി 3,000 പേര്‍ക്ക് മാത്രമേ തൊഴില്‍ ലഭിച്ചുള്ളൂ.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിയറ്റ് ടയേഴ്‌സ്, ഇല്‌ക്ട്രോ സ്റ്റീല്‍ തുടങ്ങിയ കമ്പനികളെല്ലാം കേരളത്തില്‍ നിക്ഷേപിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ.് ഇവരുടെ ഫാക്ടറികളിലെല്ലാം കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ജോലി ചെയ്യുന്നുണ്ട്. ഇരുമുന്നണികളും വച്ചുപുലര്‍ത്തിയ വ്യവസായ സൗഹൃദമല്ലാത്ത നയങ്ങളാണ് ഇതിന് കാരണം. പശ്ചാത്തല സൗകര്യമില്ലാത്തതും അനാവശ്യമായ നിയന്ത്രണങ്ങളും സ്വകാര്യ സംരംഭകരോടുള്ള ശത്രുതാ പരമായ മനോഭാവവുമാണ് കേരളത്തില്‍ വ്യവസായം വളരാത്തതിന് കാരണം. ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ നിന്ന് പുറത്തേക്കുള്ള കുടിയേറ്റം ഇരട്ടിയാകുമെന്നും ജാവദേക്കര്‍ പറഞ്ഞു.

മുസ് ലീം ലീഗും മറ്റും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. അംബേദകര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ഇതൊരു മതപരമായ പ്രശ്‌നമല്ല, മറിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും തുല്യനീതിയുടെയും സ്വാഭിമാനത്തിന്റെയും പ്രശ്‌നമാണ്. നേരത്തെ ഏകീകൃത സിവില്‍ നിയമത്തെ പിന്തുണച്ചിരുന്ന സി.പി.എമ്മും സി.പി.ഐയും ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കളം മാറിയിരിക്കുകയാണ്.

ഗോവയിലും പോണ്ടിച്ചേരിയിലും ഇപ്പോള്‍ തന്നെ ഏകീകൃത സിവില്‍ നിയമമുണ്ട്. അവിടെ മുസ്‌ളിങ്ങള്‍ക്കുള്‍പ്പെടെ ഒരു പരാതിയുമില്ല. പിന്നെ എന്തുകൊണ്ടാണ് ഈ പാര്‍ട്ടികള്‍ ഇതുവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതെന്ന് ജാവദേക്കര്‍ ചോദിച്ചു. പൊതുസിവില്‍ കോഡ് പ്രധാനമായും വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയെക്കുറിച്ചാണ്. ഈ പാര്‍ട്ടികള്‍ക്ക് സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചോ അവരുടെ അഭിമാനത്തെക്കുറിച്ചോ വേവലാതിയില്ല.

ലോ കമീഷനാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച നിർദേശങ്ങള്‍ ക്ഷണിച്ചത്. എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാം. ഇങ്ങനെയൊരു ജനാധിപത്യ പ്രക്രിയ നടക്കുമ്പോള്‍ കരടുപോലു ംആകാത്ത നിയമത്തിനെതിരെ എന്തിനാണ് പലരും രംഗത്തുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനാ വിദഗദ്്ധര്‍ പറയുന്നത് കുറച്ചുകാലം കഴിയുമ്പോഴേക്കും മാര്‍ഗനിര്‍ദ്ശ തത്വങ്ങളെ നിയമമാക്കി മാറ്റണമെന്നാണ്.

ഇപ്പോള്‍ നാം സ്വാതന്ത്ര്യത്തിന്റെ 75ാം ‌വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ഉചിതമായ സമയം. ഷാബാനു കേസിനിടയിലും ഏകീകൃത സിവില്‍ നിയമം വേണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കോടതി അതാവര്‍ത്തിച്ചിരിക്കുന്ന കാര്യവും ജാവദേക്കര്‍ എടുത്തുകാട്ടി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Kerala's industrial backwardness: Responsibility lies on both fronts: Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.