തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് നിയമസഭ പാസാക്കിയത്.
ലക്ഷദ്വീപ് ജനതയുടെ മേൽ കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാൻ നീക്കമെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളിൽ കാവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതരീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് തീരുമാനം. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളവും പങ്കുവെക്കുന്നു. സംഘ്പരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശ്യൂന്യവേളയിൽ ചരമോപചാരത്തിനു ശേഷമാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ച ശേഷം ഭരണപക്ഷ, പ്രതിപക്ഷത്തു നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. ചന്ദ്രശേഖരൻ, മോൻസ് ജോസഫ്, മാത്യു ടി. തോമസ് എന്നിവർ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘ് പരിവാർ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘ്പരിവാർ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയത്തോട് യോജിക്കുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
പ്രതിപക്ഷ അംഗങ്ങളായ അനൂപ് ജേക്കബും എൻ. ഷംസുദ്ദീനും പി.ടി തോമസും പ്രമേയത്തിന് ഭേദഗതി നിർദേശിച്ചു. സംഘ്പരിവാറിനേയും ബി.ജെ.പിയെയും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നായിരുന്നു എന്‍. ഷംസുദ്ദീന്‍റെ വിമര്‍ശനം. സംഘ്പരിവാർ താൽപര്യം സംരക്ഷിക്കുന്നുവെന്ന് എടുത്തു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തെ കൃത്യമായി വിമർശിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു. ടിബറ്റിൽ ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷ്യദ്വീപിലേതെന്ന ഭേദഗതി വേണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.