തലശ്ശേരി: സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താനായതിെൻറ സന്തോഷത്തിലാണ് തലശ്ശേരി സ്വദേശി ദിദിൽ പാറക്കണ്ടി. മാടപ്പീടിക ഗുംട്ടി പി.വി. കുട്ടി റോഡിലെ സൗത്ത് വയലളം യു.പി സ്കൂൾ പരിസരത്തെ ചക്കരാലയം വീട്ടിൽ ദിദിൽ വന്നിറങ്ങുമ്പോൾ അമ്മ ശാന്തിനിയും കുടുംബാംഗങ്ങളും ആനന്ദാശ്രുക്കളുമായി ഉമ്മറപ്പടിയിൽ കാത്തുനിൽപുണ്ടായിരുന്നു. ഉറ്റവരുടെ പ്രാർഥനയും ദൈവകടാക്ഷവുമാണ് സുരക്ഷിതനായി വീടണയാൻ തുണച്ചതെന്ന് ദിദിൽ പറഞ്ഞു.
അഫ്ഗാൻ പ്രവിശ്യയിൽ ഭക്ഷ്യ വിതരണ കമ്പനിയിൽ ഒമ്പത് വർഷമായി ജോലി ചെയ്യുകയാണ്. ഒമ്പതുമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. അഫ്ഗാൻ -താലിബാൻ സേനകൾ തമ്മിലുള്ള പോരാട്ടം കടുത്തതോടെ ഡൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും കേരളത്തിൽ നോർക്ക റൂട്ട്സിനെയും ബന്ധപ്പെട്ടു. എല്ലാവരും വ്യാഴാഴ്ച വീടുകളിൽ നിന്നിറങ്ങി. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്കാണ് എത്തിച്ചത്. താലിബാെൻറ കണ്ണിൽപെടാതെ ശനിയാഴ്ച വരെ അവിടെ കഴിഞ്ഞു.
കേന്ദ്ര സർക്കാർ പ്രതിനിധികൾ വാട്സ് ആപ് ഗ്രൂപ് വഴി നിർദേശങ്ങൾ നൽകി. കാബൂൾ ഗ്രൂപ്പെന്ന നിലയിൽ നേരത്തെയുണ്ടായിരുന്ന മലയാളി വാട്സ് ആപ് കൂട്ടായ്മയിലൂടെ ആശയ വിനിമയം നടത്തിയാണ് മലയാളികൾ മടക്കയാത്രക്ക് വഴിയൊരുക്കിയതെന്ന് ദിദിൽ പറഞ്ഞു. കാബൂളിൽനിന്ന് പറക്കാൻ ഇന്ത്യൻ സേനാ വിമാനത്തിന് അനുമതിയായി എന്ന വാർത്ത ശനിയാഴ്ചയെത്തി. വിമാനത്താവളത്തിലേക്ക് ബസിലായിരുന്നു യാത്ര. അൽപദൂരത്തിനുശേഷം ഒരു വീടിെൻറ മുന്നിലെത്തി.
എ.കെ 47 തോക്കുകളും മറ്റ് ആയുധങ്ങളുമായി താലിബാൻ സംഘമായിരുന്നു അവിടെയുണ്ടായത്. പാസ്പോർട്ട് ചോദിച്ചു. എന്തിനാണ് രാജ്യം വിടുന്നതെന്നും ഇവിടെ തന്നെ തുടർന്നുകൂടെ എന്നും ചോദിച്ചു. പിന്നാലെ സ്ത്രീകളെയും തുടർന്ന് അഫ്ഗാൻകാരെയും പോകാൻ അനുവദിച്ചു. രണ്ടുമണിക്കൂറിന് ശേഷമാണ് തങ്ങളെ വിട്ടതെന്ന് ദിദിൽ പറഞ്ഞു. മാടപ്പീടിക ഗുംട്ടിയിലെ തറവാട്ട് വീട്ടിലാണ് അമ്മക്കൊപ്പം, ദിദിലും അനുജൻ അക്ഷയ്യും താമസിക്കുന്നത്. അച്ഛൻ പാറക്കണ്ടി രാജീവൻ വർഷങ്ങൾക്കുമുമ്പേ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.