കൊച്ചി: കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പര സെൻട്രൽ ജയിലിൽ പാർപ്പിച്ച മൂന്ന് തടവുകാരെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന് ഹൈകോടതി. പ്രതി ടിറ്റു ജെറോമിനൊപ്പം മർദനമേറ്റ തടവുകാരായ ശ്യാം ശിവൻ, ഷിനു, ഉണ്ണിക്കുട്ടൻ എന്നിവരെ പേരൂർക്കട ജില്ല ആശുപത്രി സൂപ്രണ്ടിന് മുന്നിൽ വൈദ്യപരിശോധനക്ക് ഹാജരാക്കാൻ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് തിരുവനന്തപുരം പൊലീസ് കമീഷണർക്ക് നിർദേശം നൽകി.
അതിനുശേഷം മെഡിക്കൽ റിപ്പോർട്ട് സഹിതം മൂന്ന് തടവുകാരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സ നിർദേശിച്ചിട്ടുണ്ടെങ്കിൽ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതല്ലെങ്കിൽ ജയിലിലേക്കുതന്നെ മടക്കി അയക്കണം.
തടവുകാരിൽ ഒരാളുടെ മാതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതിനെത്തുടർന്ന് കോടതി ജയിൽ സൂപ്രണ്ടിെൻറയും ഡോക്ടറുടെയും റിപ്പോർട്ട് തേടിയിരുന്നു. ജില്ല ലീഗൽ സർവിസ് അതോറിറ്റി (ഡെൽസ) സെക്രട്ടറിയോട് ജയിലിലെത്തി തടവുകാരോട് വിവരം തിരക്കാനും നിർദേശിച്ചു. തടവുകാർക്ക് മർദനമേറ്റിട്ടില്ലെന്ന തരത്തിലായിരുന്നു ജയിൽ ഡോക്ടറുടെ റിപ്പോർട്ട്.
എന്നാൽ, ഡെൽസ സെക്രട്ടറി തടവുകാരനായ ശ്യാം ശിവെൻറ പുറത്ത് നീരുള്ളതായി കോടതിയെ അറിയിച്ചു. ജയിൽ ഡോക്ടറുടെ റിപ്പോർട്ടിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രതി ടിറ്റുവിന് ജയിലിൽ മർദനമേെറ്റന്ന പരാതിയിൽ ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നേരത്തേ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.