കൊച്ചി: പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ടുനിന്ന ചിത്രങ്ങളിലൂടെ മലയാള സിനിമക്ക് നവീന ഭാവതലങ്ങൾ സമ്മാനിച്ച സംവിധായകൻ കെ.ജി. ജോർജിന് വിട. ചലച്ചിത്ര, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സുഹൃത്തുക്കളുടെയും മുൻകാല സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് എറണാകുളം രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഞായറാഴ്ച രാവിലെ 10.15ന് കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു ജോർജിന്റെ അന്ത്യം.
ഭാര്യയും ഗായികയുമായ സൽമ ജോർജും മകൻ അരുണും ഗോവയിൽനിന്നും മകൾ താര ദോഹയിൽനിന്നും തിങ്കളാഴ്ച കൊച്ചിയിൽ എത്തിയിരുന്നു. ജോർജിന്റെ അന്ത്യാഭിലാഷ പ്രകാരമാണ് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചത്. എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ചലച്ചിത്ര മേഖലയിൽനിന്നുള്ളവരടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
മുൻ മന്ത്രിമാരായ കെ.വി. തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, സംവിധായകരായ രഞ്ജി പണിക്കർ, ബി. ഉണ്ണികൃഷ്ണൻ, കമൽ, പ്രിയനന്ദനൻ, സിബി മലയിൽ, ലിജോ ജോസ് പെല്ലിശ്ശേരി, ബ്ലസി, ജോഷി, ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു, സിനിമ താരങ്ങളായ ലാൽ, കുഞ്ചാക്കോ ബോബൻ, സിദ്ദീഖ്, ഷൈൻ ടോം ചാക്കോ, തെസ്നിഖാൻ, കലാഭവൻ ഷാജോൺ, നന്ദകുമാർ പൊതുവാൾ, നരേൻ, സോഹന്‍ സീനുലാല്‍, ജോജു ജോര്‍ജ്, സീമ ജി. നായര്‍, രവീന്ദ്രന്, ഗാനരചയിതാവ് ഷിബു ചക്രവർത്തി, ഡോ. സെബാസ്റ്റ്യൻ പോൾ, ശ്രീമൂലനഗരം മോഹൻ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, മുൻ എം.പി കെ. സുരേഷ്കുറുപ്പ്, മുൻ കൊച്ചി മേയർ ടോണി ചമ്മിണി, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, എസ്.എൻ. സ്വാമി, ആന്റോ ജോസഫ്, സുരേഷ് കുമാര്‍, ഡേവിഡ് കാച്ചപ്പിള്ളി, മഞ്ഞളാംകുഴി അലി, ലോകായുക്ത ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ചാവറ കള്‍ച്ചറര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
സർക്കാറിനും മുഖ്യമന്ത്രി, മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, ജില്ല കലക്ടർ എന്നിവർക്കും വേണ്ടി അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാനും ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ഭരണസമിതി അംഗം ഹരിശ്രീ അശോകനും പുഷ്പചക്രം അർപ്പിച്ചു. മൂന്നരയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് മൃതദേഹം ടൗണ്‍ഹാളില്‍നിന്ന് രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്കിയ ശേഷമായിരുന്നു സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.