കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണം കൊടി സുനിയിലേക്ക്. അഷറഫ് കൊണ്ടു വന്ന സ്വര്‍ണം തട്ടിയെടുത്തത് കണ്ണൂരില്‍ നിന്നുള്ള സംഘമാണ്. കണ്ണൂര്‍ സംഘത്തിന് കൊടി സുനിയുമായി ബന്ധമുണ്ടെന്നാണ് സൂചന. കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശം അഷ്റഫിന്‍റെ ഫോണില്‍ നിന്നും കണ്ടെത്തി. സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ അയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്.
സ്വര്‍ണം തട്ടിയത് തന്‍റെ ആളുകളാണെന്നാണ് കൊടി സുനിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നത്. മെയ് 26നാണ് അഷറഫ് കരിപ്പൂരിലെത്തിയത്. അഷറഫ് കൊണ്ടുവന്ന രണ്ടു കിലോ സ്വര്‍ണം കൊടുവളളി സംഘത്തിനുള്ളതായിരുന്നു. എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള സംഘം നാദാപുരം ഭാഗത്തേക്ക് അഷറഫിനെ കൊണ്ടുപോവുകയും സ്വര്‍ണം കൈക്കലാക്കുകയും ചെയ്തെന്നും പ്രതിഫലമായി പത്തുലക്ഷം രൂപ അഷറഫിന് നല്‍കിയെന്നുമാണ് പൊലീസ് കരുതുന്നത്.
പിന്നാലെ കൊടുവള്ളി സംഘം അഷറഫിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണമോ മതിയായ തുകയോ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതോടെ അഷറഫ് കണ്ണൂര്‍ സംഘവുമായി ബന്ധപ്പെട്ടു. ഇതിന് മറുപടി നൽകുന്നതാണ് കൊടി സുനിയുടെ ശബ്ദസന്ദേശം.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ അയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്. കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍ മമ്മദിന്‍റെ മകന്‍ അഷ്‌റഫിനെ (35) 13ന് പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ 14ന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് കണ്ടെത്തിയത്. അഷറഫിനെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് ഒരു ദിവസം മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്. അഷ്റഫിനെ മർദിച്ച് കാലൊടിച്ച സംഘം ദേഹമാസകലം ബ്ലേഡ് കൊണ്ട് മുറിച്ചിരുന്നു.
അതേസമയം, പ്രവാസിയായ അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഷറഫിനെ ഭീഷണിപ്പെടുത്തിയ സ്വര്‍ണക്കടത്ത് സംഘത്തിലെ കൊടുവള്ളി സ്വദേശികളായ സാലിഹ്, സൈഫുദീന്‍, നൗഷാദ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അതിനിടെ, കാരിയറായി പ്രവര്‍ത്തിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസും അഷറഫിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.