ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു പേർ കസ്റ്റഡിയിൽ; പിടിയിലായത് തെങ്കാശിയിൽനിന്ന്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നു പേരെയും കൊല്ലം കമ്മിഷണറുടെ സ്ക്വാഡ്  കസ്റ്റഡിയിലെടുത്തത്. ഇവർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരെ അടൂര്‍ എ.ആര്‍. ക്യാമ്പിലെത്തിച്ചു. 

തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രാമം മൈതാനത്ത്  ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വ്യാഴാഴ്ച വൈകീട്ടാണ് ആശുപത്രി വിട്ടത്. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തിരുന്നു. ഏതന്വേഷണവും നേരിടാൻ തയാറാണെന്നാണ് പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. 

ഓയൂരിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയും ജ്യേഷ്ഠനും ട്യൂഷൻ ക്ലാസിനായി പോകുമ്പോഴായിരുന്നു സംഭവം. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിൽ െകാല്ലം ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Kidnapping case of six year old girl: Three people in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.