കാഞ്ഞങ്ങാട്: പടന്നക്കാട്ടെ വീട്ടിൽനിന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സലീമിനെ (38) കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് വിട്ടുനൽകി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ അപേക്ഷ പരിഗണിച്ച് ബുധനാഴ്ച ഉച്ചയോടെ പോക്സോ കോടതിയുടെ ചുമതലയുള്ള കാസർകോട് അഡീഷനൽ സെഷൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്.
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ കഴിഞ്ഞദിവസമായിരുന്നു അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ വീണ്ടും വിശദമായി ചോദ്യംചെയ്യും.
സംഭവസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച മുടി ഉൾപ്പെടെയുള്ളവ ഒത്തുനോക്കുന്നതിനായി പ്രതിയുടെ ഡി.എൻ.എ പരിശോധന നടത്തും. ജില്ല ആശുപത്രിയിലെത്തിച്ച പ്രതിയുടെ രക്തവും മുടിയും ശേഖരിച്ചു.
പെൺകുട്ടിയുടെ വസ്ത്രത്തിൽനിന്ന് ലഭിച്ചതുമായി ഒത്തുനോക്കുന്നതിന് ഇത് കണ്ണൂരിലെ ലാബിലേക്കയക്കും. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കൾ പരിശോധനക്കയച്ചിരുന്നു.
പെൺകുട്ടിയിൽനിന്ന് കവർന്ന ആഭരണം കണ്ടെടുക്കാൻ കൂത്തുപറമ്പിലെ ജ്വല്ലറിയിലേക്ക് പ്രതിയെ വ്യാഴാഴ്ച കൊണ്ടുപോകും. 6000 രൂപക്ക് ആഭരണം വിൽപന നടത്തിയതിന്റെ ബില്ല് പ്രതിയുടെ ബാഗിൽനിന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.