കൊട്ടാരക്കര: കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരെ വിട്ടുകിട്ടാനാണ് എ.ഡി.ജി.പി നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകുന്നത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്.
പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. വീടിനു സമീപത്ത് കാർ നിർത്തി പെൺകുട്ടിയെ തട്ടിയെടുത്തപ്പോൾ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറിൽ കയറ്റുമ്പോൾ ഒരു സ്ത്രീയുൾപ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ, പൊലീസിന് അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിനുനേരെ പൊലീസ് അന്വേഷണം നടത്തിയതിൽ ദുരൂഹത ബാക്കിനിൽക്കുകയാണ്.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല. ഒരു കുടുംബത്തിലെ മൂന്നുപേരല്ലാതെ കൂടുതൽ പ്രതികൾ കേസുമായി ബന്ധപ്പെട്ട് ഉണ്ടോയെന്നറിയാനും ദുരൂഹത നീക്കാനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.