തിരുവനന്തപുരം: കിഫ്ബി വായ്പകൾ സർക്കാർ വായ്പയെല്ലന്ന സംസ്ഥാന സർക്കാർ വാദം തള്ളി കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി) റിപ്പോർട്ട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യതകൾ തീർക്കുന്നതിനാലും സർക്കാറിന്റെ വാദം സ്വീകാര്യമല്ലെന്നാണ് സി.എ.ജിയുടെ 2021-22 വർഷത്തെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാറിന്റെ നേരിട്ടുള്ള ബാധ്യതയാണ്. അതുകൊണ്ടുതന്നെ ഇവ ബജറ്റിന് പുറത്തുള്ള വായ്പതന്നെയെന്നും സി.എ.ജി അടിവരയിടുന്നു.
പെട്രോളിയം സെസും മോട്ടോർ വാഹനനികുതിയിൽ 50 ശതമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിനായി നീക്കിവെച്ചിട്ടുമുണ്ട്. ബജറ്റിൽ കിഫ്ബിയെടുത്ത 13,066.18 കോടിയുടെയും പെൻഷൻ കമ്പനിയെടുത്ത 11,206.49 കോടിയുടെയും വായ്പകളെ കുറിച്ച് ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും ബജറ്റിന് പുറത്തുള്ള കടമെടുക്കൽ 24,272 കോടിയാണ്. ബജറ്റിന് പുറത്തുള്ള കടമെടുക്കൽ വെളിപ്പെടുത്താത്തത് മൂലം നിയമസഭയുടെ പൊതുസാമ്പത്തിക മാനേജ്മെന്റ്, മേൽനോട്ടം എന്നീ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർക്കുന്ന ഫലമുണ്ടാക്കി.
റവന്യൂകമ്മി പൂർണമായും ഇല്ലാതാക്കി റവന്യൂമിച്ചം നേടുക എന്ന ലക്ഷ്യം 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ ഒരു തവണയൊഴികെ (2019-20) കൈവരിക്കാനായില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. 2020-21ൽ 25,829.50 കോടിയായിരുന്ന റവന്യൂ കമ്മി 2021-22 ൽ 29,539 കോടിയായി. പെൻഷൻ കമ്പനി പൂർണമായും ധനവകുപ്പിന് കീഴിലാണ്. ബജറ്റിന് പുറത്തെ കടമെടുപ്പുകൾ മൂലം 2022 മാർച്ച് 31 വരെയുള്ള മൊത്തം ബാധ്യതകൾ 3,57,392 കോടിയിൽ നിന്ന് 3,83,267 കോടിയായി. കടം-ജി.എസ്.ഡി.പി അനുപാതം 34.7 ശതമാനത്തിൽനിന്ന് 38.01 ശതമാനമായി.
തിരുവനന്തപുരം: സി.എ.ജി വിമർശനങ്ങൾ നിയമസഭ നേരത്തേ നിരാകരിച്ചതെന്ന് സർക്കാർ. കിഫ്ബി കടമെടുക്കൽ സർക്കാർ ഗാരന്റിയുടെ അടിസ്ഥാനത്തിലായതിനാൽ നേരിട്ടുള്ള ബാധ്യതയാകുന്നില്ല. 2019ലെ ധനകാര്യ ഓഡിറ്റ് റിപ്പോർട്ടിൻമേൽ നിയമസഭയിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.കിഫ്ബി ലാഭകരമായ പദ്ധതികൾക്ക് പണം മുടക്കുകയും തനത് വരുമാനം സ്വരൂപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത് ആകസ്മിക ബാധ്യത മാത്രമാണ്.
കേരള സാമൂഹിക സുരക്ഷ പെൻഷൻ ലിമിറ്റഡിന്റെ കടമെടുക്കലിനെ ബജറ്റിനുപുറത്തുള്ള കടമെടുക്കലായി ചിത്രീകരിക്കാൻ നോക്കുകയാണ് സി.എ.ജി. സാമൂഹികസുരക്ഷ പെൻഷൻ വിതരണത്തിന് ആവശ്യമായ ധനലഭ്യത ഉറപ്പാക്കാനുള്ള ഉപകരണം മാത്രമാണ് പെൻഷൻ കമ്പനി.
തിരുവനന്തപുരം: പാട്ടവാടക പുതുക്കുന്ന തീരുമാനമെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് അനധികൃതമായി ഭൂമി കൈവശം വെക്കുന്നതിനൊപ്പം സർക്കാറിലേക്കുള്ള വരുമാനനഷ്ടത്തിനും കാരണമായെന്ന് സി.എ.ജി റിപ്പോർട്ട്. പതിച്ചുനൽകിയ ഭൂമിയുടെ അന്യാധീനപ്പെടുത്തൽ തടയാൻ എല്ലാ പാട്ടങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്നെന്ന് ഉറപ്പാക്കാൻ സംവിധാനമില്ല.
ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരം നിശ്ചയിച്ച ഭൂമിയുടെ പാട്ടവാടക കാലാനുസൃതമായി പുതുക്കുകയോ പാട്ടവാടക പതിവായി പിരിച്ചെടുക്കുകയോ ചെയ്യാത്തത് ഖജനാവിന് നഷ്ടമുണ്ടാക്കി. വ്യവസ്ഥകൾ ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കുന്നതുപോലുള്ള തിരുത്തൽ നടപടി ഉണ്ടാകില്ല. ക്ലബുകൾക്കും മറ്റ് ഏജൻസികൾക്കും നൽകിയ ഭൂമിയുടെ പാട്ടവാടക ഒഴിവാക്കിയത് സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കി.
പതിച്ചു നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും നിയമങ്ങൾ ലംഘിച്ച് അന്യാധീനപ്പെടുത്തുകയും ചെയ്ത സംഭവങ്ങളും ഉണ്ട്. ഭൂമി പാട്ടവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ സ്റ്റേ ഉണ്ടായി.
സ്റ്റേ കാലയളവ് ഒന്നു മുതൽ 23 വർഷം വരെയുമായിരുന്നു.ഭൂമി പാട്ടത്തിന് കൊടുത്തതുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കുന്നതിലെ പോരായ്മ സുപ്രധാന വിവരങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.