കൽപറ്റ: നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗത്തെ വെടിവെച്ചു കൊല്ലണമെന്നും ആനകളെ പിടികൂടി വീണ്ടും കാട്ടിലേക്ക് തുരത്താതെ അവയെ കുങ്കിയാനകളാക്കണമെന്നും കെ. മുരളീധരൻ എം.പി. അതുചെയ്യാൻ കഴിയുന്നില്ലെങ്കിൽ വനംവകുപ്പ് പിരിച്ചുവിട്ട് ജനങ്ങളെ ഏൽപിക്കണമെന്നും എം.പി പറഞ്ഞു.
ജില്ലയിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്ത കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നടപടികളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൽപറ്റ കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മന്ത്രി എ.കെ. ശശീന്ദ്രന് പൂര്‍ണ പരാജയമാണ്. ആനക്കുവെച്ച മയക്കുവെടി മന്ത്രിക്കാണ് കൊണ്ടതെന്നു സംശയിക്കണം. തല പൊങ്ങാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. വനംവകുപ്പിന്റെ കൈയിൽ ആവശ്യത്തിനുള്ള ആയുധംപോലുമില്ലാത്ത അവസ്ഥയാണ്. നാട്ടിൽ ചില ആനപ്രേമികൾ ഇറങ്ങിയിട്ടുണ്ട്. അവരാരും വയനാട് കണ്ടവരല്ല. ഇവിടത്തെ കൃഷിയും ജീവിതവും മനസ്സിലാക്കിയവരല്ല. അവർക്ക് മനുഷ്യരെക്കാൾ വലുത് ആനയാണ്. അവർ ജനങ്ങളുടെ വികാരം മനസ്സിലാക്കണം.
ഒരു ജനപ്രതിനിധിക്ക് ചെയ്യാവുന്നതിൽ അധികം രാഹുൽ ഗാന്ധി എം.പി ചെയ്തു. എന്നാൽ, ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ സർക്കാർ പുറത്തിരിക്കുന്ന അവസ്ഥയാണെന്നും മുരളീധരൻ പറഞ്ഞു. സമരങ്ങളുടെ പേരിൽ കേസെടുത്താൽ താൻതന്നെ നിയമം ലംഘിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുൽപള്ളി പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ മുഴുവൻ കേസുകളും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, പി.പി. ആലി, കണ്ണൂർ ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി. മാത്യു, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, ജോസഫ് പുരയ്ക്കൽ, എം.സി. സെബാസ്റ്റ്യൻ, പ്രവീൺ തങ്കപ്പൻ, അഡ്വ. ടി.ജെ. ഐസക്, ഡി.പി. രാജശേഖരന്, ടി. ഹംസ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തു മുതൽ ബുധനാഴ്ച രാവിലെ പത്തു വരെയാണ് യു.ഡി.എഫ് കലക്ടറേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.