കിളികൊല്ലൂർ പൊലീസ് അതിക്രമം: സഹോദരങ്ങൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാനാകില്ലെന്ന് ​ഹൈകോടതി

കൊച്ചി: കിളികൊല്ലൂരിൽ പൊലീസ് അതിക്രമത്തിനിരയായ സഹോദരങ്ങൾക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കാനാകില്ലെന്ന് ഹൈകോടതി. അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രമേ എഫ്.ഐ.ആ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പൊലീസ് സംരക്ഷണം വേണമെന്നുമുള്ള യുവാക്കളുടെ ആവശ്യവും കോടതി തള്ളി.

കൊലപാതകക്കുറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കുറ്റവും ചുമത്തിയുള്ള എഫ്.ഐ.ആ റദാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിനിടെ തീരുമാനമെടുക്കാനാകില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.

മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അന്ന് ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണ പു​രോഗതി കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീർപ്പ് കൽപ്പിക്കുക. അതിനിടെ ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഒക്ടോബറിലാണ് കൊല്ലം കിളികൊല്ലൂർ സ്വദേശികളായ സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച് കള്ളക്കേസില്‍ കുടുക്കിയത്. സഹോദരങ്ങളായ വിഷ്ണ​ുവിനും വിഘ്നേഷിനുമാണ് പൊലീസിൽ നിന്ന് മർദനമേറ്റത്.

ഒരു കേസിൽ അറസ്റ്റിലായ നാട്ടുകാരായ പ്രതികൾക്ക് ജാമ്യമെടുക്കാൻ വരണമെന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശിയും പൊതുപ്രവർത്തകനുമായ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

എം.ഡി.എം.എ കേസിലെ പ്രതികളാണെന്ന് അറിഞ്ഞതോടെ ജാമ്യംനിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വിഘ്നേഷ് മടങ്ങി. പുറത്തിറങ്ങി സഹോദരനും സൈനികനുമായ വിഷ്ണുവിനൊപ്പം മടങ്ങാൻ തുടങ്ങവേ സ്റ്റേഷനിൽനിന്ന് എ.എസ്.ഐ പ്രകാശ് ചന്ദ്രൻ ഇറങ്ങി വന്ന് ബൈക്ക് തടഞ്ഞുനിർത്തി താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചു.

അതിൽ പരാതി പറയാൻ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ എത്തിയതോടെ പൊലീസുകാർ മാറി മാറി ഇരുവരെയും മർദിച്ചു. പ്രതിരോധത്തിനിടയിൽ എ.എസ്.ഐ പ്രകാശ് ചന്ദ്രനും പരിക്കേറ്റു. സൈനികനെയും സഹോദരനെയും പ്രതികളാക്കി കേസെടുത്ത പൊലീസ് ഇരുവരും സ്റ്റേഷൻ ആക്രമിച്ചുവെന്നും പൊലീസിനെ ഉപദ്രവിച്ചുവെന്നും കഥമെനയുകയായിരുന്നു.

പൊലീസിന്‍റെ മർദനത്തിൽ പരിക്കേറ്റ സഹോദരങ്ങൾ 12 ദിവസമാണ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ടാണ് വിഷ്ണു അവധിക്ക് നാട്ടിലെത്തിയത്. കേസിൽ അകപ്പെട്ട് ജയിലിൽ കിടന്നതോടെ വർഷങ്ങളായി ഉറപ്പിച്ചുവെച്ചിരുന്ന ആ വിവാഹം മുടങ്ങി. കൂടാതെ, പൊലീസ് കായികക്ഷമതക്ക് പങ്കെടുക്കേണ്ട വിഘ്നേഷിനും സംഭവത്തെ തുടർന്ന് അവസരം നടഷ്ടമായി.

ഇരുവരും ചേർന്ന് മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി എന്നിവർക്ക് പരാതി നൽകി. ശേഷം വിഷ്ണു ജോലി സ്ഥലത്തേക്ക് മടങ്ങി. കമീഷണർക്ക് നൽകിയ പരാതിയിൽ സ്പെഷൽ ബ്രാഞ്ചും ക്രൈംബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചപ്പോഴാണ് പൊലീസുകാർ തനെനയാണ് പ്രതികളെന്ന് കണ്ടെത്തിയത്.

തുടർന്ന് കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ. ദിലീപ് എന്നിവരെ സ്ഥലംമാറ്റി. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. വിനോദിനെ ഉൾപ്പെടെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - Killikollur police brutality: HC says FIR against brothers cannot be quashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.