സെന്‍ട്രല്‍ ജയിലിൽ സി.പി.എം പ്രവര്‍ത്തകന്‍റെ വധം: ബി.ജെ.പിക്കാരായ പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി

കൊച്ചി: കണ്ണൂർ സെന്‍ട്രല്‍ ജയിലിനകത്ത് സി.പി.എം പ്രവര്‍ത്തകനായ കെ.പി. രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത്​ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി റദ്ദാക്കി. പ്രതികൾക്കെതിരായ കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ഒന്നാം പ്രതി പവിത്രനും ഏഴാം പ്രതി അനിൽ കുമാറും അപ്പീൽ നിലവിലിരിക്കെ മരണപ്പെട്ടിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതിന് ഫൽഗുണൻ, ദിനേശൻ, അശോകൻ എന്നിവരെ ആറുമാസം ശിക്ഷിച്ചത് കോടതി ശരിവെച്ചു.

സുരക്ഷിത സ്ഥലമായി ജയിലിനെ നിലനിർത്താനായില്ലെങ്കിൽ ഫലം അരാജകത്വമായിരിക്കുമെന്ന്​ കോടതി അഭിപ്രായപ്പെട്ടു. തടവുകാരുടെ രാഷ്ട്രീയം നോക്കി പ്രത്യേകം ഗ്രൂപ്പായി തിരിക്കുന്ന രീതിയാണ്​ ജയിലുകളിൽ അക്രമത്തിലേക്ക്​ നയിക്കുന്നത്. ജയിലിനുള്ളിൽ തടവുകാർക്കോ ഉദ്യോഗസ്ഥർക്കോ രാഷ്ട്രീയ പ്രവർത്തനം പാടില്ല. കേരള പ്രിസൺസ്​ ആൻഡ്​ കറക്ഷണൽ സർവിസസ് നിയമങ്ങൾക്കനുസൃതമായാണ്​ ജയിലുകളുടെ പ്രവർത്തനമെന്ന്​ ജയിൽ ഡി.ജി.പി ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

2004 ഏപ്രിൽ ആറിന് സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ജയിലിനകത്ത്​ രവീന്ദ്രൻ കൊല്ലപ്പെട്ടത്. ആര്‍.എസ്​.എസ് - ബി.ജെ.പി പ്രവര്‍ത്തകരായ സെന്‍ട്രല്‍ പൊയിലൂർ ആമ്പിലോട്ട്ചാലില്‍ പവിത്രന്‍, കോയിപ്രവന്‍ വീട്ടില്‍ അനില്‍കുമാര്‍, പി.വി. അശോകന്‍, കാഞ്ഞിരത്തിങ്കല്‍ ഫൽഗുണന്‍, കുഞ്ഞിപ്പറമ്പത്ത് കെ.പി. രഘു, സനല്‍ പ്രസാദ്, പി.കെ. ദിനേശന്‍, കൊട്ടക്ക ശശി, തരശിയില്‍ സുനി എന്നിവർക്ക്​ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ്​ ഡിവിഷൻ ബെഞ്ച്​ റദ്ദാക്കിയത്​. പ്രതികൾ നൽകിയ അപ്പീലാണ്​ ജസ്റ്റിസുമാരായ പി.ബി. സുരേഷ്കുമാർ, പി.ജി. അജിത്കുമാർ എന്നിവർ പരിഗണിച്ചത്​.

Tags:    
News Summary - Killing of CPM worker in Central Jail: Life sentence of BJP accused revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.