മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മർദനത്തെത്തുടര്‍ന്ന് ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി (36) മരിച്ച സംഭവത്തില്‍ റിമാൻഡില്‍ കഴിയുന്ന ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ല സെഷന്‍സ് കോടതി തള്ളി.
പ്രതികളായ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല് (34), വരുവള്ളി പിലാക്കല്‍ ഫാസില്‍ (37), വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന് (43), തേര്‍ത്തൊടി മെഹബൂബ് (32), മനയില്‍ അബ്ദുസ്സമദ് (34), പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് ഹബീബ് (36) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. മുരളികൃഷ്ണ തള്ളിയത്.
േമയ് 13നാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രി കിഴിശ്ശേരി തവനൂര്‍ ഒന്നാം മൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീട്ടുമുറ്റത്ത് എത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു.
വടികള്‍, പട്ടികക്കഷ്ണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ച് രണ്ടു മണിക്കൂറോളം ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തില്‍ പങ്കെടുത്ത എട്ടുപേരും സി.സി ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കാനും കൊല്ലപ്പെട്ട രാജേഷിന്റെ വസ്ത്രങ്ങള്‍ ഒളിപ്പിക്കാനും ശ്രമിച്ച ഒരാളും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. സംഭവദിവസംതന്നെ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.
മഞ്ചേരി എസ്.സി-എസ്.ടി കോടതിയിലായിരുന്നു പൊലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റകൃത്യം പട്ടികജാതി പീഡനനിരോധന നിയമത്തിന് കീഴില്‍ വരുമോയെന്നതില്‍ എസ്.സി-എസ്.ടി കോടതി സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് തുടര്‍നടപടി ജില്ല സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇതോടെ ആദ്യം നല്കിയ ജാമ്യഹരജികള്‍ പിന്‍വലിച്ച് പ്രതികള്‍ സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കുകയായിരുന്നു.
മോഷണത്തിനായി എത്തിയ രാജേഷ് മാഞ്ചി കെട്ടിടത്തിന് മുകളില്‍നിന്ന് വീണു മരിച്ചതാണെന്നാണ് പ്രതിഭാഗം വാദം. എന്നാല്‍, കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ 57 മുറിവുകളുണ്ടായിരുന്നെന്നും സി.സി ടി.വി ദൃശ്യങ്ങള്‍ കൊലപാതകമെന്നതിന് തെളിവായി പരിഗണിക്കാവുന്നതാണെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജറായ അഡ്വ. കെ.കെ. സമദ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.