കെ-റെയിലിൽ ജനങ്ങളെ മറന്ന സംസ്ഥാന സര്‍ക്കാറിനേറ്റ മുഖത്തടിയാണ് കേന്ദ്ര നിലപാടെന്ന് കെ.കെ. രമ

വടകര: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തല്‍ക്കാലം അനുമതി നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാട് ജനതയുടെ വികാരം മറന്ന സംസ്ഥാന സര്‍ക്കാരിന് മുഖത്തേറ്റ അടിയാണെന്ന് കെ.കെ. രമ എം.എൽ.എ. രണ്ടുവട്ടം അധികാരം ലഭിച്ചപ്പോള്‍ ജനങ്ങളെ മറന്ന് വന്‍കിട മാഫിയകളോട് ചേര്‍ന്ന് അഴിമതിക്ക് വേണ്ടി തട്ടിക്കൂട്ടിയതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും അവർ ആരോപിച്ചു.

ഒരു വന്‍കിട പദ്ധതി നടപ്പിലാക്കും മുന്‍പ് ചെയ്യേണ്ട മുന്‍ഗണനാ ക്രമങ്ങളെല്ലാം ഇവിടെ കാറ്റില്‍ പറത്തുകയായിരുന്നു. ജനവികാരം എതിരായപ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി പൗരപ്രമുഖരെ വിശ്വാസത്തിലെടുത്ത് പദ്ധതി കെട്ടിയിറക്കാന്‍ ശ്രമിച്ചു. സാങ്കേതിക വിദഗ്ധരടക്കം പദ്ധതിയുടെ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ പിന്നീട് എതിര്‍ക്കുന്നവരെ സൈബര്‍ വെട്ടുകിളികളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തി. ഇതെല്ലാം ആയിരക്കണക്കിന് കോടികള്‍ കമീഷന്‍ ലഭിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് കേരളീയ പൊതുബോധത്തിന് മനസിലായി കഴിഞ്ഞു.

യാതൊരു മുന്നൊരുക്കവും പഠനവുമില്ലാതെയാണ് സില്‍വര്‍ ലൈന്‍ കൊണ്ടുവന്നതെന്ന ഇതിനെതിരെ നിലകൊണ്ടവരുടെ നിലപാട് ശരിവെക്കുന്നതാണ് ഇന്ന് കേന്ദ്രം എം.പിമാരായ കെ. മുരളീധരനും എം.കെ. പ്രേമചന്ദ്രനും നല്‍കിയ മറുപടിയിലൂടെ വ്യക്തമാകുന്നത്. ഈ അവസരത്തില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാനും ഇതിനെതിരെ സമരം ചെയ്ത ആളുകള്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കേരള ജനതയോട് കാണിച്ച നീതികേടിന് സര്‍ക്കാര്‍ മാപ്പു പറയാനും തയ്യാറാകണമെന്ന് രമ പറഞ്ഞു. 

Tags:    
News Summary - kk rema about k-rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.