ഇരക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പം കിതക്കുന്നു -കെ.കെ. രമ

തിരുവനന്തപുരം: സർക്കാർ ഇരക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതക്കുകയുമാണെന്ന് കെ.കെ. രമ എം.എൽ.എ നിയമസഭയിൽ. സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീക​ൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് രമ സർക്കാറിനെ വിമർശിച്ചത്.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാറിനു വേണ്ടി മന്ത്രി വീണ ജോർജായിരുന്നു സഭയിൽ മറുപടി നൽകിയത്. ഇതിനെയും രമ വിമർശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യമെന്നായിരുന്നു അവരുടെ വിമർശനം.

അരൂരിലെ ദലിത് പെൺകുട്ടിക്കു നേരെ നടന്ന അതിക്രമത്തിലെ പ്രതികൾ സി.പി.എമ്മുകാരായതിനാൽ സർക്കാർ സംരക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. ഗുസ്തിതാരങ്ങൾക്കു നേരെ ബ്രിജ് ഭൂഷൺ നടത്തിയ അതിക്രമങ്ങളെ വെല്ലുന്ന സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കാലടി ശ്രീശങ്കര കോളജിലെ മുൻ എസ്.എഫ്.ഐ നേതാവ് രോഹിത്ത് പെൺകുട്ടിയുടെ അശ്ലീല ഫോട്ടോ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. പ്രതിയെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കെ.സി.എ കോച്ചിനെതിരായ പോക്സോ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. അയാൾ ഇന്നും ക്രിക്കറ്റ് അസോസിയേഷനിൽ തുടരുന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഈ അതിക്രമങ്ങളെല്ലാം നടക്കുന്നതെന്നും രമ ആരോപിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ സുരക്ഷിത കസ്റ്റഡിയില്‍ ഇരിക്കുന്ന മെമ്മറി കാര്‍ഡ് പുറത്തുപോകുന്ന നാടായി കേരളം മാറി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നാലുവര്‍ഷമായി പുറത്തുവിട്ടിട്ടില്ല. ഐ.സി.യുവില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പംനിന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വണ്ടിപ്പെരിയാറിലും വാളയാറിലും ഇരകള്‍ക്ക് നീതികിട്ടിയില്ല.-അതിക്രമങ്ങൾ ഒന്നൊന്നായി രമ ശ്രദ്ധയിൽ പെടുത്തി.

ഒരു കാലത്ത് എസ്.എഫ്.ഐയിൽ പ്രവർത്തിച്ചതിന് അഭിമാനം കൊണ്ട ആളാണ് താൻ. ഇന്നും അത് അഭിമാനത്തോടെയാണ് പറയുന്നു. എന്നാൽ ഇന്ന് എസ്.എഫ്.ഐയിൽ പ്രവർത്തിച്ച ഏതെങ്കിലും ഒരു പെൺകുട്ടിക്ക് നാളെ താൻ എസ്.എഫ്.ഐക്കാരിയായിരുന്നുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന സാഹചര്യമാണോ ഉള്ളതെന്നും രമ ചോദിച്ചു.

Tags:    
News Summary - KK Rema against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.