2012ൽ തുടങ്ങിയതാണ് ഭീഷണികൾ, മകനെ കൊല്ലുമെന്ന് പറഞ്ഞാൽ തളരുന്നയാളാണ് ഞാനെന്ന് കരുതിയോ -കെ.കെ. രമ

വടകര: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്തിന് മറുപടിയുമായി കെ.കെ. രമ എം.എൽ.എ. ഭീഷണിക്കത്ത് കൊണ്ട് തന്നെ പേടിപ്പിക്കാൻ നോക്കണ്ട. 2012ൽ തുടങ്ങിയ ഭീഷണിയുടെ തുടർച്ചയാണ് ഇതും. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാൽ തളരുന്നയാളാണ് താനെന്ന് കരുതിയോയെന്നും കെ.കെ. രമ ചോദിച്ചു.

സി.പി.എമ്മിന്‍റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ നിയമസഭയിലും പുറത്തും ഇനിയും തുറന്നുകാട്ടും. സ്വര്‍ണക്കടത്തും സ്വര്‍ണം തട്ടലും അടക്കം സി.പി.എം നേതൃത്വം നല്‍കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്നതാണ് ഗുണ്ടാസംഘങ്ങളെ പ്രകോപിപ്പിച്ചത്. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും കെ.കെ. രമ പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് വടകരയിലെ എം.എൽ.എ ഓഫിസിന്‍റെ വിലാസത്തിൽ കത്ത് ലഭിച്ചത്. മകൻ അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ്​ കത്തിലെ വരികൾ. അഭിനന്ദിന്‍റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും. എ.എൻ. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർ.എം.പിക്കാർ പങ്കെടുക്കരുതെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തിൽ പറയുന്നു. റെഡ്​ ആർമി, പി.ജെ ബോയ്​സ്​​ എന്ന പേരിലാണ്​ കത്ത്​ അയച്ചിട്ടുള്ളത്​.

'സി.പി.എമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടുവെട്ടി തീർക്കും. കെ.കെ.രമയുടെ മകൻ അഭിനന്ദിനെ അധികം വളർത്തില്ല. അവന്‍റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ‍‍‍‍‍ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡ​ന്‍റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ‍ഞങ്ങൾ ചെയ്യുക. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചയിൽ ആർ.എംപി.ക്കാരെ കാണരുത്​''– കത്തിൽ എഴുതിയതിങ്ങനെ.

കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - kk rema reply to threat letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.