വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം -കെ.കെ. ശൈലജ

കണ്ണൂർ: മുൻ സർക്കാറിന്‍റെ കാലത്ത് കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണത്തിന് മറുപടിയുമായി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. വൻ വിലകൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നെന്നും കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്‍റെ 75ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അവർ പറഞ്ഞു.

500 രൂപക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങിയതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പി.പി.ഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെ.എം.എസ്.സി.എല്‍ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓര്‍ഡര്‍ കൊടുത്തെന്ന വിവരമാണ് പുറത്തുവന്നത്.

എന്നാൽ, മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം എടുത്തതാണെന്നാണ് കെ.കെ. ശൈലജയുടെ വിശദീകരണം. മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിക്കുന്നു.

''ഇപ്പോൾ കുറേ അഴിമതി ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. കോവിഡ് കൊടുമ്പിരി കൊണ്ടുനിൽക്കുന്ന സമയത്ത് മാർക്കറ്റിൽ നിന്ന് സുരക്ഷാ ഉപകരണങ്ങളൊക്കെയും അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂഷിക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർക്ക് പി.പി.ഇ കിറ്റ് ധരിക്കണം. അവ ഒരുപാട് എണ്ണം വേണം. ഏറെ പൈസ ചെലവഴിക്കണം. യു.കെയും യു.എസുമൊക്കെ സ്വീകരിച്ച നിലപാട് പോലെ ആരോഗ്യപ്രവർത്തകർ രോഗികളുടെ അടുത്ത് പോകേണ്ട എന്ന നിലപാട് നമുക്കും സ്വീകരിക്കാമായിരുന്നു. മാർക്കറ്റിൽ പി.പി.ഇ കിറ്റ് കിട്ടാനില്ലെന്ന് പറയാമായിരുന്നു. പക്ഷേ, അന്വേഷിച്ച് നോക്കുമ്പോൾ പി.പി.ഇ കിറ്റ് കിട്ടാനുണ്ട്. എന്നാൽ ഒരു സെറ്റിന് 1500 രൂപ കൊടുക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. പൈസയൊന്നും നോക്കേണ്ട, മനുഷ്യന്‍റെ ജീവനാണ് വില എന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. കിട്ടാവുന്നിടത്തു നിന്ന് വലിയ വില കൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങി. ഇതിന് ശേഷം ഉൽപ്പാദനം വർധിച്ചപ്പോൾ മാർക്കറ്റിലേക്ക് സാധനം വരാൻ തുടങ്ങി. അപ്പോഴാണ് വില കുറഞ്ഞ് 1500 രൂപക്ക് വാങ്ങിയ കിറ്റ് 500 രൂപക്ക് കിട്ടാൻ തുടങ്ങിയത്. സർക്കാർ ചെയ്ത ത്യാഗപൂർണമായ പ്രവർത്തനത്തെ കുറിച്ച് പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്'' -കെ.കെ. ശൈലജ പറഞ്ഞു.

Tags:    
News Summary - KK Shailaja reacts to allegation about ppe kit purchase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.