തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനത്തിലെ പെൺകുട്ടിയുടെ പേരു പറഞ്ഞ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ കൊടുകുറ്റം ചെയ്തതായി കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാനഭംഗക്കേസുകളിൽ ഇരകളായ പെൺകുട്ടികളുടെ പേരു പറയത്തക്കവിധം സമൂഹത്തിന്‍റെ മനഃസാക്ഷി മാറണമെന്നും ശൈലജ ആവശ്യപ്പെട്ടു.
പീഡനത്തിന് ഇരയായവരുടെ ഭാവിയെ കരുതിയാണ് ഇപ്പോൾ പേരു പറയാതിരിക്കുന്നത്. എന്നാൽ, ഒരു തെറ്റും ചെയ്യാത്ത പെൺകുട്ടിയുടെ പേര് എന്തിനാണ് മറച്ചുവെക്കുന്നതെന്നും ശൈലജ ചോദിച്ചു. പീഡനത്തിന് ഇരയാകുന്നതോടെ വ്യക്തിത്വം നഷ്ടപ്പെടുന്നവരായി പെൺകുട്ടികൾ മാറുകയാണ്. ഈ അവസ്ഥയിൽ നിന്നു സമൂഹം മാറണം. സൂര്യനെല്ലിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇപ്പോഴും സൂര്യനെല്ലി പെൺകുട്ടിയാണെന്നും അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതായെന്നും ശൈലജ ചൂണ്ടിക്കാട്ടി.
കെ. രാധാകൃഷ്ണനെ എല്ലാവർക്കും അറിയാം. പെൺകുട്ടിയെ അപമാനിക്കാൻ കരുതി കൂട്ടി അദ്ദേഹം പേരു പറഞ്ഞു എന്നു താൻ വിശ്വസിക്കുന്നില്ല. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കും അന്തസുണ്ട്. ഭാവിയിൽ അവരുടെ പേരു പറയാൻ കഴിയുന്ന സാമൂഹിക സ്ഥിതി ഉണ്ടാകണം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പേരു പറയാതിരിക്കുന്നതാണ് നല്ലതെന്നും ശൈലജ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.