പദവി ദുരുപയോഗം: കെ.എം. എബ്രഹാമിനെതിരെ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ വീണ്ടും വിജിലന്‍സ് പരിശോധന. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കെ പദവി ദുരുപയോഗപ്പെടുത്തിയെന്നും അതിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നുമുള്ള പരാതിയിലാണ് അന്വേഷണം. യൂനിവേഴ്സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടി.ജി. ശരച്ചന്ദ്രനാണ് പരാതിക്കാരന്‍.

എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് വിജിലന്‍സ് ഡയറക്ടറുടെ പുതിയ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെ സ്വകാര്യ എയ്ഡഡ് കോളജുകളിലെ നാലാംഗ്രേഡ് ലൈബ്രേറിയന്‍മാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് യു.ജി.സി സ്കെയില്‍ അനുവദിച്ചതിലൂടെ 20 കോടിയുടെ നഷ്ടം സര്‍ക്കാറിനുണ്ടായി. 12വര്‍ഷമായി പ്രതിമാസ നഷ്ടം തുടരുന്നു.

മാസ്റ്റര്‍ ഡിഗ്രിയായ എം.എല്‍.ഐ.സിക്ക് 55 ശതമാനം മാര്‍ക്കിനൊപ്പം നെറ്റോ പിഎച്ച്.ഡിയോ ഉള്ളവര്‍ക്ക് മാത്രമേ യു.ജി.സി സ്കെയിലിലെ ശമ്പളം അനുവദിക്കാവൂ എന്ന മാനദണ്ഡമാണ് എയ്ഡഡ് കോളജുകള്‍ക്ക് മാത്രമായി ലംഘിക്കപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പല്‍മാരുടെയും എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തിലും യു.ജി.സി മാനദണ്ഡം പാലിച്ചില്ല. മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ താല്‍പര്യം സംരക്ഷിക്കുന്നതിന് യൂനിവേഴ്സിറ്റി കോളജില്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ എം.ഫില്‍ അനുവദിച്ചതിലൂടെ ഒരുകോടിയുടെ നഷ്ടമുണ്ടായെന്നാണ് മറ്റൊരു പരാതി.

എം.ഫില്‍ അനുവദിച്ചത് മന്ത്രിക്ക് താല്‍പര്യമുള്ള അധ്യാപക നിയമനങ്ങള്‍ക്കുവേണ്ടിയായിരുന്നത്രെ. ഇസ്ലാമിക് ഹിസ്റ്ററിക്ക് ഒരു പിഎച്ച്.ഡി അധ്യാപകര്‍ പോലും ഉണ്ടായിരുന്നില്ല. എം.ഫിലിന് അപേക്ഷ നല്‍കിയിരുന്ന തമിഴ്, സംസ്കൃത വിഭാഗങ്ങളില്‍ അധ്യാപകരുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ളെന്നും പരാതിയില്‍ പറയുന്നു.

Tags:    
News Summary - km abraham vigilance case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.