തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീർ മരിക്കാനിടയായ അപകടസംഭവത്തിൽ വാഹനമോടിച്ചത് താനല്ലെന്നും മദ്യപിച്ചിരുന്നില്ലെന്നും സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്. സസ്പെൻഷൻ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഏഴ് പേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം നിഷേധിച്ചു. തെൻറ വാദം കേള്‍ക്കണമെന്നും സര്‍വിസില്‍ തിരിച്ചെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യപിക്കാത്ത ആളാണ് താനെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ല. രക്തത്തില്‍ മദ്യത്തിെൻറ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടമുണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. അതേസമയം സംഭവസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് സാക്ഷി മൊഴിയുണ്ടായിട്ടും കൃത്യസമയത്ത് ശ്രീറാമിെൻറ രക്തപരിശോധന നടത്താൻ പൊലീസ് തയാറായില്ല.
സംഭവം വിവാദമായതിനെതുടർന്ന് മണിക്കൂറുകൾക്കുേശഷമാണ് രക്തമെടുത്ത് പരിശോധിച്ചത്. ആ സമയം മദ്യത്തിെൻറ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. ദൃക്സാക്ഷികളുടെ ഉൾപ്പെടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കേസിൽ ഫോറൻസിക്, ഫോക്സ് വാഗൺ, മോേട്ടാർ വാഹനവകുപ്പ് എന്നിവയുടെ റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. ആഗസ്റ്റ് മൂന്നിന് രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച കാറിടിച്ച് കെ.എം. ബഷീര്‍ മരിച്ചത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969ലെ ഓള് ഇന്ത്യ സര്‍വിസസ് (ഡിസിപ്ലിന്‍ ആൻഡ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ചാണ് ചീഫ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്.
ശ്രീറാമിെൻറ സസ്പെൻഷൻ നീട്ടി
തിരുവനന്തപുരം: കാറപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ച കേസിൽ പ്രതിയായ െഎ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമെൻറ സസ്പെൻഷൻ 60 ദിവസത്തേക്കുകൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷൻ അവസാനിപ്പിച്ച് സർവിസിൽ തിരിച്ചെടുക്കണമെന്ന ശ്രീറാമിെൻറ അപേക്ഷ തള്ളിയാണ് നടപടി. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയാണ് ശ്രീറാമിെൻറ വിശദീകരണക്കുറിപ്പ് പരിശോധിച്ചത്.
സർവേ ഡയറക്ടറായി ജോലിയിൽ പ്രവേശിക്കുന്നതിെൻറ തലേന്നാണ് ശ്രീറാം അമിത വേഗത്തിൽ ഒാടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിെൻറ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീറാം അറസ്റ്റിലായതിനെതുടർന്നാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.