ചെറുകിട വ്യാപാര മേഖലയിലുള്ളവരുടെ വലിയ പരാതിയാണ് നികുതി കുടിശ്ശികയും അതിന്മേലുള്ള നിയമ നടപടികൾ സൃഷ്ടിക്കുന്ന നൂലാമാലകളും. ഇതിൽ ഒട്ടേറെ വാസ്തവവുമുണ്ട്. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്മെന്റും സാങ്കേതിക പ്രശ്നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി. നികുതി കുടിശ്ശിക കേസുകളുടെ നടത്തിപ്പിനായി നികുതി വകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം നീക്കിവെക്കേണ്ടിവരുന്നത് മറ്റൊരു പ്രശ്നമാണ്. ചെറിയ നികുതി കുടിശ്ശികയിൽ പലിശയും പിഴയും ചേർത്ത് വലിയ തുക കിട്ടാനുള്ളതായാണ് സർക്കാർ കണക്കുകൾ. ഇതെല്ലാം പരിഗണിച്ച് നികുതി കുടിശ്ശികകളിൽ ആംനസ്റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.
ഈ സാഹചര്യത്തിലാണ് ചെറുകിട വ്യാപര മേഖലയെ നികുതി കുടിശ്ശിക മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു ആംനസ്റ്റി പദ്ധതിയുടെ അനിവാര്യതയെ കുറിച്ച് ചിന്തിച്ചത്. അതിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഈവർഷത്തെ ബജറ്റിൽ കേരള സർക്കാർ അവതരിപ്പിച്ചതും, ഇപ്പോൾ നിയമസഭ അംഗീകരിച്ചതുമായ ‘ആംനസ്റ്റി 2024’ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി. മുൻകാല നിയമങ്ങളുടെ കീഴിലുണ്ടായിരുന്ന നികുതി കുടിശ്ശികകളെ തീർപ്പാക്കുന്നതിനുള്ള ഒരു പിടി ആശയങ്ങൾ കോർത്തിണക്കിയ സമഗ്ര പദ്ധതിയാണിത്.
ജി.എസ്.ടി വരുന്നതിനുമുമ്പ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവിൽപന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപന നികുതി എന്നീ നിയമങ്ങൾക്കു കീഴിലുണ്ടായിരുന്ന കുടിശ്ശികകളെയാണ് ഈ പദ്ധതി പരിഗണിക്കുന്നത്. പൊതു വിൽപന നികുതി നിയമത്തിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്സ്, കോമ്പൗണ്ടിങ് നികുതി എന്നിവക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശ്ശികകളെ അവയുടെ നികുതി തുകയുടെ മാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുക മാത്രം നോക്കി, അത് അമ്പതിനായിരത്തിൽ താഴെയാണെങ്കിൽ, ഒരു രൂപ പോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷ പോലും ആവശ്യപ്പെടാതെ ഒഴിവാക്കും. ചെറിയ നികുതി തുകകൾ കുടിശ്ശികയായുള്ള ചെറുകിട വ്യാപാരികൾക്കാണ് ഇതിന്റെ ആനുകൂല്യം ഏറ്റവും അനുഭവവേദ്യമാവുക.
അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശ്ശികകളുള്ള ഇരുപത്തിരണ്ടായിരത്തിൽപരം വ്യാപാരികളുണ്ട്.
അമ്പതിനായിരം മുതൽ പത്തുലക്ഷം രൂപ വരെ കുടിശ്ശികയുള്ളവർക്ക് നികുതി തുകയുടെ 30 ശതമാനം അടച്ച് കുടിശ്ശിക തീർക്കാം. പത്തുലക്ഷം മുതൽ ഒരുകോടി രൂപ വരെയുള്ള സ്ലാബിലെ കുടിശ്ശികകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. കോടതി വ്യവഹാരത്തിലുള്ള കുടിശ്ശികകൾ നികുതി തുകയുടെ 40 ശതമാനം അടച്ചും വ്യവഹാരമില്ലാത്ത കുടിശ്ശികകളുടെ 50 ശതമാനം അടച്ചും തീർപ്പാക്കാനാകും.
ഒരു കോടി രൂപയിൽ കൂടുതലുള്ള കുടിശ്ശികകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. വ്യവഹാരത്തിലുള്ള കുടിശ്ശികയാണെങ്കിൽ നികുതി തുകയുടെ 70 ശതമാനം അടച്ച് കുടിശ്ശിക തീർക്കാം. വ്യവഹാരമില്ലാത്ത കുടിശ്ശികയിൽ നികുതി തുകയുടെ 80 ശതമാനം അടച്ചാൽ ബാധ്യത ഒഴിവാകും.
എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കപ്പെടുന്നുവെന്നതാണ് പ്രധാന സവിശേഷത. സർക്കാർ കണക്കുകൾ അനുസരിച്ച് കുടിശ്ശികയായി കിടക്കുന്ന ആകെ തുകയിൽ 50 ശതമാനത്തോളം പിഴയും പലിശയുമാണ്. കുടിശ്ശിക തീർക്കാൻ താൽപര്യമുള്ള വ്യാപാരികള്ക്കുപോലും പലപ്പോഴും തടസ്സമാവുന്നത് പിഴയും പലിശയുമാണ്. ഇത്തവണ ആ തടസ്സം പൂർണമായി നീക്കിയിട്ടുണ്ട്. നേരത്തെ അടച്ച തുകകൾ ഈ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നല്കുമെന്നതാണ് മറ്റൊരു സവിശേഷത. ഭാഗികമായി കുടിശ്ശിക തീർപ്പാക്കാനായി അടച്ച തുകകൾ, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുകകൾ എന്നിവയുടെ കിഴിവ് ഈ പദ്ധതിയിൽ ലഭിക്കും. ഉദാഹരണത്തിന് അഞ്ചു ലക്ഷം രൂപയുടെ ഒരു കുടിശ്ശിക തീർപ്പാക്കാൻ ആംനസ്റ്റി 2024 പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപ അടക്കേണ്ട വ്യാപാരി നേരത്തെ ഒരു ലക്ഷം രൂപ അടച്ചിട്ടുണ്ടെങ്കില്, അത് കുറച്ചിട്ടുള്ള ബാക്കി അമ്പതിനായിരം രൂപ അടച്ചാൽ ഈ പദ്ധതി പ്രകാരം കുടിശ്ശിക തീർപ്പാക്കാം. ആംനസ്റ്റി 2024 പദ്ധതിയിൽ ആദ്യ സമയത്ത് ചേരുന്നവർക്കാണ് കൂടുതൽ ആനുകൂല്യം ലഭ്യമാവുക. ഈ മാസം പദ്ധതിയിൽ ചേർന്നാൽ അടക്കേണ്ടിവരുന്നതിനെക്കാൾ കൂടുതൽ തുക ഒടുക്കിയാലേ പിന്നീട് കുടിശ്ശിക തീർപ്പാക്കാൻ സാധിക്കൂ. നികുതി കുടിശ്ശികയുള്ള വ്യാപാരികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തുമെന്ന ഉറപ്പാണ് സർക്കാറിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.