കാസർകോട്: ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന മംഗളൂരു റെയിൽവേ ഡിവിഷൻ സാധ്യമാക്കുന്നതിന് വൻകടമ്പ. പുതിയ ഡിവിഷൻ വരുമ്പോഴുള്ള അധിക സാമ്പത്തികബാധ്യതക്ക് പുറമേ, പുതിയ ഡിവിഷനും മേഖലയും രൂപവത്കരിക്കുന്നത് റെയിൽവേ നേരത്തേതന്നെ തള്ളിയതാണ്. മംഗളൂരു ഡിവിഷനുകീഴിൽ വരേണ്ടതെന്ന് കരുതുന്ന കൊങ്കൺ റെയിൽവേയുമായുള്ള ഇന്ത്യൻ റെയിൽവേയുടെ കരാർ 2005ൽ തീർന്നുവെങ്കിലും കൊങ്കൺ കമ്പനിയെ ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടില്ല. തുടർന്നു നടക്കേണ്ട കൊങ്കൺ റെയിൽവേ-ഇന്ത്യൻ റെയിൽവേ ലയനവും നടന്നിട്ടില്ല.
2007ൽ സേലം ഡിവിഷൻ രൂപവത്കരിച്ചതുതന്നെ ഭീമ അബദ്ധമായി കരുതുന്ന റെയിൽവേ മന്ത്രാലയത്തിന്റെ 2023ലെ ഉന്നതതല പാനൽ പുതിയ മേഖലകളും പുതിയ ഡിവിഷനുകളും ആവശ്യമില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. യു.പി.എ സർക്കാറിന്റെ സഖ്യകക്ഷിയായ ഡി.എം.കെയുടെ സമ്മർദത്തിനു വഴങ്ങിയാണ് അന്ന് സേലം ഡിവിഷനുണ്ടാക്കിയത്. ഇതുവഴി പാലക്കാട് ഡിവിഷന് വ്യവസായ മേഖലയായ കോയമ്പത്തൂർ ഉൾപ്പെടുന്ന 630 കിലോമീറ്റർ നഷ്ടമായി. ഊട്ടി ഉൾപ്പെടെ ഇതിൽപെടുന്നുണ്ട്. മംഗളൂരുവും കൂടി ഇല്ലാതായാൽ പാലക്കാട് ഡിവിഷൻ തിരുവനന്തപുരം ഡിവിഷനിൽ ലയിപ്പിക്കേണ്ടിവരും.
ദക്ഷിണ കന്നടയിൽനിന്ന് റെയിൽവേ മന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഡ മുഖ്യ അജണ്ടയാക്കിയ വിഷയമാണ് മംഗളൂരു ഡിവിഷൻ. പിന്നാലെ എം.പിയായിവന്ന നളീൻകുമാർ കട്ടീൽ അത് അഭിമാനപ്രശ്നമായി ഏറ്റെടുത്തു. പ്രായോഗികതലത്തിലേക്ക് കടന്നപ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലായത്. കർണാടകയിലെ രണ്ടാമത്തെ നഗരമായ മംഗളൂരുവിന്റെ വൻവികസനം എന്ന താൽപര്യത്തിന്റെ ഭാഗമാണ് റെയിൽവേ ഡിവിഷൻ എന്ന സ്വപ്നം. മംഗളൂരു സെൻട്രലിൽ നിന്ന് കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ മഞ്ചേശ്വരത്തേക്ക് 17 കിലോമീറ്റർ മാത്രമേയുള്ളൂ. മംഗളൂരു ജങ്ഷനിൽനിന്നാണ് പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷൻ ആരംഭിക്കുന്നത്. മംഗളൂരുവിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള തോക്കൂരിൽനിന്നാണ് കൊങ്കൺ ആരംഭിക്കുന്നത്. മംഗളൂരു കേന്ദ്രീകരിച്ച് ഒരു കോഓഡിനേഷൻ എന്ന ആശയമാണ് ഡിവിഷൻ എന്ന വാദത്തിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.