മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി പൊലീസിനോട് വിശദീകരണം തേടി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ വിശദീകരണം തേടിയത്.

സി.ബി.ഐക്ക് നോട്ടീസയക്കാനും കോടതി നിർദേശിച്ചു. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ഹരജി ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച തെളിവുകൾ ബഷീറിന്‍റെ പക്കൽനിന്ന് കൈക്കലാക്കാൻ മനപൂർവം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഹരജിയിൽ പറയുന്നത്.

ബൈക്കിൽ വീട്ടിലേക്ക് വരുകയായിരുന്ന ബഷീർ, ശ്രീറാമിനെയും വഫയെയും സംശയകരമായ സാഹചര്യത്തിൽ കണ്ടപ്പോൾ ഫോണിൽ ദൃശ്യം ചിത്രീകരിച്ചു. ഇത് ഇവരുടെ ശ്രദ്ധയിൽപെട്ടു. ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ കൈവശപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കേവലം കാർ അപകടമാക്കി ഇതിനെ മാറ്റാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു.

പ്രതിയെ സഹായിക്കാനുള്ള നടപടികളാണ് തുടക്കം മുതലേ പൊലീസും പ്രോസിക്യൂഷനും നടത്തിയത്. ഇപ്പോൾ നടത്തിയ അന്വേഷണവും കണ്ടെടുത്ത രേഖകളും സമർപ്പിച്ച റിപ്പോർട്ടുമൊന്നും കേസിന്‍റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മതിയാവുന്നതല്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബഷീറിന്‍റെ മാതാവ് അടക്കം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

പിന്നീട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും പരാതി നൽകി. ഇതിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.

Tags:    
News Summary - K.M. Basheer's death: High Court seeks explanation from police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.