പാലാ: 60ാം വിവാഹവാർഷിക വേളയിൽ പാലാക്കാരുടെ ആശംസകളിൽ മനംനിറഞ്ഞ് കെ.എം. മാണിയും പ്രിയതമ കുട്ടിയമ്മയും. കേരള കോൺഗ്രസിെൻറ നെടുംതൂണായ കെ.എം. മാണിയെന്ന പാലാക്കാരുടെ മാണി സാർ ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചതിെൻറ 60ാം വാർഷികം പാർട്ടി പ്രവർത്തകരും നാട്ടുകാരും ആഘോഷമാക്കി.
കോട്ടയം ബാർ അസോസിയേഷനിലെ വക്കീലും ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരിക്കെ 25ാം വയസ്സിൽ 1957 നവംബർ 28ന് മരങ്ങാട്ടുപിള്ളി സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിലായിരുന്നു വിവാഹം. വധു വാഴൂർ ഇറ്റത്തോട്ട് വീട്ടിലെ കുട്ടിയമ്മ എന്ന 21കാരി അസംപ്ഷൻ കോളജിലെ ബി.എ ഒന്നാം വർഷ വിദ്യാർഥിനിയുമായിരുന്നു. എത്സമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി, സ്മിത എന്നിവരാണ് മക്കൾ. പിന്നീട് കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായി മാറിയ മാണിയുടെ വിജയഗാഥക്ക് പിന്നിൽ കുട്ടിയമ്മയുടെ പിന്തുണയും കരുതലുമാണെന്ന് അദ്ദേഹം പലവേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും നാട്ടുകാരും ബന്ധുക്കളും ഒത്തുകൂടിയ വിവാഹവാർഷികം കഴിങ്ങോഴയ്ക്കൽ തറവാട്ടിൽ ഉത്സവപ്രതീതി പകർന്നു. ചൊവ്വാഴ്ച രാവിലെ ഭരണങ്ങാനം പള്ളിയിൽപോയി പ്രാർഥിച്ച ശേഷം വീട്ടിലെത്തിയ കെ.എം. മാണിക്കും കുടുംബത്തിനും ആശംസകളുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. ഫോൺവിളികളും ഏറെയായിരുന്നു. നന്ദിപറഞ്ഞ് മാണിയും കുട്ടിയമ്മയും ഉച്ചവരെ വീടിെൻറ ഉമ്മറത്തായിരുന്നു. പ്രവർത്തകർ പൂച്ചെണ്ടുകൾക്കൊപ്പം കേക്കും ലഡുവും ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളും കൊണ്ടുവന്നിരുന്നു.
കേക്കുകൾ മുറിച്ചുനൽകി അവരുടെ സന്തോഷത്തിൽ ഇരുവരും പങ്കുചേർന്നു. ഇതിനിെട നഗരത്തിലെ പൊതുപരിപാടികളിലും മാണി പങ്കെടുത്തു. ഉച്ചയോടെ മക്കളും കൊച്ചുമക്കളും വീട്ടിലെത്തി. തുടർന്ന് കോട്ടയത്ത് ജോസ് കെ. മാണി എം.പിയുടെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കാളിയായി. ഇതിനിടെ പ്രവർത്തകർ വലിയ മാലയണിക്കാനും മറന്നില്ല. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, മുൻ നഗരസഭാധ്യക്ഷ ലീന സണ്ണി, യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ, നിർമല ജിമ്മി, ജിജി തമ്പി, ടോബിൻ കെ. അലക്സ്, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം, ബേബി ഉഴുത്തുവാൽ, ഡെയ്സി ബേബി, രാജേഷ് വാളിപ്ലാക്കൽ തുടങ്ങിയവർ ആശംസനേരാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.