രാഷ്ട്രീയത്തില്‍ ഏറ്റവും ആദരവ് ഇ.കെ. നായനാരോട് –മാണി

കോട്ടയം: രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും ആദരവ് തോന്നിയത്  ഇ.കെ. നായനാരോടാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. അദ്ദേഹത്തിന്‍െറ നര്‍മം കലര്‍ന്ന സംഭാഷണ രീതിയും ജനങ്ങളെ ആകര്‍ഷിക്കുന്ന ശൈലിയുമാണ് ഏറെ ആകര്‍ഷിച്ചതെന്നും മാണി വ്യക്തമാക്കി. 84ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് 1000 അഗതി സംരക്ഷണ കേന്ദ്രങ്ങളില്‍ കാരുണ്യദിനം ആചരിച്ചതിന്‍െറ ഭാഗമായി കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും പ്രായമായിട്ടും വിരമിക്കാത്തതെന്തെന്ന് പലരും ചോദിക്കാറുണ്ട്. രാഷ്ട്രീയത്തില്‍ വിരമിക്കല്‍ ഇല്ല. പൊതുസേവനമാണ് രാഷ്ട്രീയം. ജീവിതാവസാനംവരെ രാഷ്ട്രീയത്തില്‍ സജീവമായി നിലനില്‍ക്കണമെന്നാണ് ആഗ്രഹം. തനിക്ക് ലഭിച്ച പദവികളില്‍ കളങ്കമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വര്‍ഷത്തില്‍ ഒരു ദിവസം കാരുണ്യദിനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ജനലക്ഷങ്ങള്‍ക്കു പ്രയോജനം നല്‍കിയ കാരുണ്യപദ്ധതിയായിരുന്നു ജിവിതയാത്രയില്‍ തനിക്ക് ഏറ്റവും വലിയ സാഫല്യമായി തോന്നുന്നത്. 
നവജീവന്‍ അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുമായിരുന്നു മാണിയുടെ പിറന്നാള്‍ ആഘോഷം. ആഘോഷ ഭാഗമായി വൈക്കം വിജലക്ഷ്മി ഗായത്രിവീണയില്‍ മീട്ടിയ ഗാനാലാപനം ഹൃദ്യമായി. മാണിയുടെ ഭാര്യ കുട്ടിയമ്മ,  മകന്‍ ജോസ് കെ. മാണി എം.പി, മറ്റു കുടുംബാംഗങ്ങള്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസ്, മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍, എം.ജി സര്‍വകലാശാല വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

Tags:    
News Summary - km mani on ek nayanar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.