കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ. ഫേസ്ബുക് പേജിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ആരോപണമുന്നയിച്ചത്.
സി.എം. രവീന്ദ്രന്‍റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് ഷാജഹാൻ ആരോപണമുന്നയിക്കുന്നത്. 1980കളിൽ തിരുവനന്തപുരത്ത് എത്തിയ സി.എം. രവീന്ദ്രൻ പിന്നീട് സർക്കാർ തലങ്ങളിൽ ഉന്നതങ്ങളിലേക്ക് വളർന്നുവെന്ന് ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്‍റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വർഷങ്ങളായി നോക്കിനടത്തുന്ന യജമാനനാണ് രവീന്ദ്രൻ. രവീന്ദ്രന്‍റെ വിശ്വസ്ത വിനീതവിധേയനായ പ്രജ മാത്രമാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ.
വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവാണ് ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന്‍റെ ബിനാമി. വടകരയിലെ ജ്വല്ലറി ഷോറൂമിൽ രവീന്ദ്രന് ഷെയറുണ്ട്. വടകരയിലെ മറ്റൊരു ഇലക്ട്രോണിക് സ്ഥാപനത്തിലും ഇവർക്ക് ഷെയറുണ്ട്. രവീന്ദ്രന്‍റെ ബിനാമിയുടെ പേരിൽ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ട്.
വടകര എടച്ചേരിയിലെ ആമി ടെയ്ലറിങ് ബിൽഡിങ് സി.എം. രവീന്ദ്രന്‍റെ ഭാര്യയുടെ പേരിലാണ്. വടകരയിലെ പ്രമുഖ വസ്ത്രക്കടയുടെ കെട്ടിടത്തിലും വൻകിട ഹോട്ടലിലും തലശേരി പൊലീസ് സ്റ്റേഷന് മുന്നിലെ കെട്ടിടത്തിലും വടകരയിലെ മാളിലും രവീന്ദ്രന് ഷെയറുണ്ടെന്ന് ഷാജഹാൻ ആരോപിക്കുന്നു.
ഊരാളുങ്കൽ സൊസൈറ്റിയുമായും രവീന്ദ്രന് ഇടപാടുണ്ടോയെന്ന് പരിശോധിക്കണം. സംസ്ഥാനത്തെ ഒരു മൊബൈൽ ഫോൺ നിർമാണ ഏജൻസി രവീന്ദ്രന്‍റെ സംഘത്തിന്‍റെ ഉടമസ്ഥതയിലാണെന്നും ഇവയ്ക്കെല്ലാം തെളിവുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കണമെന്നും കെ.എം. ഷാജഹാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.