ആരോഗ്യമന്ത്രിക്കെതിരായ പരാമർശം; കെ.എം ഷാജിക്കെതിരെ വനിത കമീഷൻ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കേരള വനിത കമീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമീഷന്‍ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും മോശമായ രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍’.

‘മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം'എന്നത്. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണ’മെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Tags:    
News Summary - KM Shaji's statement against Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.