പെരിന്തല്‍മണ്ണ: നവോത്ഥാന പ്രസ്ഥാനങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ തിരിച്ചറിയണമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി. ഇരുവിഭാഗം മുജാഹിദ് സംഘടനകള്‍ ലയിക്കുന്നതിന് മുന്നോടിയായി കെ.എന്‍.എം പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക-മാധ്യമ രംഗത്തുള്ളവരെ തെറ്റിദ്ധരിപ്പിച്ച് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ വ്യാജനിര്‍മിതികള്‍ നടത്തുന്നത് അപഹാസ്യമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദുകള്‍ കൂട്ടായ മുന്നേറ്റം നടത്തണം. മുസ്ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയണം. കേരളത്തിലെ അറബിക് കോളജ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കരുതിയിരിക്കണം.
ഇസ്ലാമിക ശരീഅത്തിനെതിരായ കടന്നുകയറ്റം മുസ്ലിം സമൂഹം ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണ്. ഇസ്ലാമിക പ്രബോധന സ്വാതന്ത്ര്യം ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ഇല്ലാതാക്കാനുളള ശ്രമങ്ങള്‍ മതനിരപേക്ഷ രാജ്യത്തിന് ചേര്‍ന്നതല്ല. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാനാവില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നതില്‍ വിവേചനം കാട്ടുന്നത് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
കൊടിഞ്ഞിയിലെ ഫൈസല്‍ വധം വിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മുഴുവന്‍ പ്രതികളെയും കാലതാമസം കൂടാതെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മദനി, പി.കെ. അഹമ്മദ്, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, എം. അബ്ദുറഹ്മാന്‍ സലഫി, നൂര്‍മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. സുല്‍ഫിക്കറലി, കെ. നാസര്‍ സുല്ലമി, അബ്ദുല്‍ മജീദ് സ്വലാഹി, പി.കെ. സകരിയ സ്വലാഹി, ആയിഷക്കുട്ടി ടീച്ചര്‍ (എം.ജി.എം), ഡോ. എ.ഐ. അബ്ദുല്‍ മജീദ് (ഐ.എസ്.എം), സിറാജ് ചേലേമ്പ്ര (എം.എസ്.എം) എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ 1200 യൂനിറ്റുകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.