കൊച്ചി: ഇല്ലാത്ത കയറ്റുമതിയുടെ പേരിലാണ് എളമക്കര സ്വദേശി ജോസ് ജോര്ജിെൻറ കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ബൾഗേറിയയിൽനിന്ന് 55 കോടി രൂപ എത്തിയതെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ. സൂര്യകാന്തി എണ്ണയടക്കം കയറ്റുമതി ചെയ്യാൻ ലഭിച്ചതാണ് തുകയെന്നും കള്ളപ്പണമാണെന്നാരോപിച്ച് എൻഫോഴ്സ്മെൻറ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജോസ് ജോർജ് നൽകിയ ഹരജിയിലാണ് വിശദീകരണം.
സെപ്റ്റംബറിലാണ് ഹാർബറിലെ എസ്.ബി.ഐയിലുള്ള ജോസിെൻറ ഓവർസീസ് അക്കൗണ്ടിലേക്ക് പണമെത്തിയത്. വൻതോതിൽ സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റിയയക്കാൻ ബൾഗേറിയയിലെ സ്വെസ്ദ എന്ന കമ്പനിയുമായുണ്ടാക്കിയ കരാർ അനുസരിച്ച് ലഭിച്ച അഡ്വാൻസ് തുകയാണിതെന്നായിരുന്നു ജോസിെൻറ വാദം. 2500 ടൺ പഞ്ചസാര, 4000 ടൺ സംസ്കരിച്ച സൂര്യകാന്തി എണ്ണ എന്നിവയടക്കം കയറ്റിയയക്കാനാണ് കരാറെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്.
എന്നാൽ, രാജ്യത്തെ കയറ്റുമതി നയമനുസരിച്ച് വൻതോതിൽ ഭക്ഷ്യയെണ്ണ കയറ്റിയയക്കാൻ കഴിയില്ലെന്ന് എൻേഫാഴ്സ്മെൻറ് അസി. ഡയറക്ടർ അരുൺ സക്കറിയ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കരാറനുസരിച്ച് തുക മുഴുവൻ മുൻകൂറായി വിദേശ കമ്പനി നൽകിയെന്ന വാദവും ശരിയല്ല. ജോസിെൻറയും ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ പണം കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ളതല്ല. സ്വെസ്ദ കമ്പനിയുമായി ജോസിെൻറ ട്രേഡ് ഇൻറർനാഷനൽ എന്ന കമ്പനി ഉണ്ടാക്കിയ കരാർ അനുസരിച്ച് ചരക്ക് എത്തിച്ച ശേഷമേ പണം ലഭിക്കൂവെന്ന് പറയുന്നുമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താൽ സൂര്യകാന്തിയെണ്ണക്കുവേണ്ടി നൽകിയ പണമല്ല അക്കൗണ്ടിലെത്തിയതെന്ന് വ്യക്തമാണ്.
പണത്തിെൻറ ഉറവിടം വ്യക്തമാക്കാൻ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ നടപടിയെടുക്കാൻ പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാൻ ജോസിെൻറ കമ്പനി ചെന്നൈയിലെ കാളീശ്വരി റിഫൈനറീസുമായി പർച്ചേസ് കരാറുണ്ടാക്കിയെന്ന വാദവും തെറ്റാണ്. ധാരണപത്രമുണ്ടാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് കാളീശ്വരി റിഫൈനറീസ് സീനിയർ മാനേജർ ജോർജ് തോമസ് മൊഴി നൽകിയിട്ടുണ്ട്.
ഹരജിക്കാരെൻറയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.