മെട്രോ ഉദ്ഘാടനം: ശ്രീധരനെ ഉൾപ്പെടുത്തണം; മോദിക്ക് പിണറായി കത്തയച്ചു

കൊച്ചി: മെട്രോ ഉദ്ഘാടന വേദിയില്‍ ഡി.എം.ആര്‍.സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ.ഇ. ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി.തോമസ് എന്നിവരെകൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, ഗവര്‍ണര്‍, കെ.വി. തോമസ് എം.പി, മന്ത്രി തോമസ് ചാണ്ടി, മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേരാണ് വേദിയിലുണ്ടാവുക. കെ.എം.ആർ.എൽ നൽകിയ 13 പേരുടെ പട്ടിക വെട്ടിച്ചുരുക്കിയാണ് ഏഴുപേരുടെ പുതിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാരിന് നൽകിയത്. അതിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം. സ്വാഗതം പറയുന്ന കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജിന് താഴെയാണ് ഇരിപ്പിടം. ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

സംസ്ഥാന സര്‍ക്കാര്‍ നിർദേശിച്ച പരിപാടി പ്രകാരം 17 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടമുണ്ടായിരുന്നു. 10 പേര്‍ക്ക് സംസാരിക്കാനുളള അവസരവും നൽകിയിരുന്നു.  പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നായ്ഡു എന്നിവര്‍ക്ക് പുറമെ ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.ഇ. ശ്രീധരന്‍, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, എന്നിവര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം നിർദേശിച്ചിരുന്നത്. 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പി.ടി.തോമസ്. എം.എല്‍.എ,  മന്ത്രിമാരായ തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്‍, മാത്യു. ടി തോമസ്, കടന്നപ്പളളി രാമചന്ദ്രന്‍, നഗരവികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗുഹ, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരാണ് വേദിയില്‍ സ്ഥാനം ലഭിക്കേണ്ടവര്‍. മൂന്നുപേരെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. 

Tags:    
News Summary - Kochi Metro; Pinarayi sent Letter to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.