മൂവാറ്റുപുഴ: മധ്യകേരളത്തിലെ പ്രധാന മത്സ്യ മാർക്കറ്റായ മൂവാറ്റുപുഴ മത്സ്യ മാർക്കറ്റ് കോവിഡ് 19 വ്യാപന ഭീതിയെ തുടർന്ന് അടച്ചുപൂട്ടാൻ മൂവാറ്റുപുഴ ആർ.ഡി.ഒ നോട്ടീസ് നൽകി. വെള്ളിയാഴ്ച മുതൽ മാർക്കറ്റിെൻറ പ്രവർത്തനം നിർത്തിവെക്കാനാണ് നിർദേശം നൽകിയത്.
വ്യാഴാഴ്ച വൈകീട്ട് ആറിനാണ് നോട്ടീസ് നൽകിയത്. ഇതര സംസ്ഥാനങ്ങളിൽനിന്നും കണ്ടെയ്ൻമെൻറ് സോണുകളിൽനിന്നും ഇവിടെ നിത്യേന നൂറുകണക്കിന് ലോഡ് മത്സ്യമാണ് എത്തുന്നത്. ലോക്ഡൗണിനുശേഷം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതൊന്നും പാലിക്കാതെയുള്ള പ്രവർത്തനം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാഴാഴ്ച വൈകീട്ട് നോട്ടീസ് നൽകിയത്.
വ്യാഴാഴ്ച രാവിലെ തന്നെ മാർക്കറ്റിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിരുന്നു. ഇത് ചർച്ച ചെയ്യാൻ കമീഷൻ ഏജൻറുമാരുടെ യോഗം നടക്കുന്നതിനിടെയാണ് മാർക്കറ്റ് പൂർണമായും അടച്ചിടാൻ നിർദേശമെത്തിയത്. മത്സ്യ മാർക്കറ്റിൽ ഇതര സംസ്ഥാന തൊഴിലാളികളും ലോറി ഡ്രൈവർമാരുമൊക്കെ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് നേരേത്ത തന്നെ പരാതികൾ ഉയർന്നിരുന്നു.
കോവിഡ് വ്യാപനം ജില്ലയിൽ വർധിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിെൻറ ഭാഗമായാണ് മത്സ്യമാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴ മാർക്കറ്റിെൻറ പ്രവർത്തനത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.