കുറ്റിപ്പുറം: തൃശൂർ, എറണാകുളം ജില്ലകളിൽ പുതുവത്സരാഘോഷ പാർട്ടികളിൽ വിൽപ്പനക്കെത്തിച്ച മയക്കു ഗുളികയുമായി കുടക് സ്വദേശികളായ രണ്ടുപേർ കുറ്റിപ്പുറത്ത് പിടിയിൽ. ടാബ്ലറ്റ് രൂപത്തിലുള്ള ആയിരത്തോളം മയക്കു ഗുളികയുമായി എത്തിയ കർണാടക വിരാജ്പേട്ട കുടക് സ്വദേശികളായ അസീസ്, ജുനൈദ് എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോളും സംഘവും പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം കുറ്റിപ്പുറത്തെത്തിച്ച് ബസിൽ തൃശൂർ, എറണാകുളം ഭാഗത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്.
മയക്ക് ഗുളിക ഉപയോഗിക്കുന്നതായി എക്സൈസിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. ആവശ്യക്കാരെന്ന വ്യാജേന വിതരണക്കാർ വഴി പ്രതികളെ വിളിച്ചു വരുത്തിയാണ് അറസ്റ്റു ചെയ്തത്. ഇത്തരം മയക്കുമരുന്നുകൾ മെഡിക്കൽ ഷോപ്പുകൾ മുഖേന ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുറ്റിപ്പുറം റേഞ്ചിലെ പ്രിവൻറിവ് ഓഫിസർമാരായ രതീഷ്, രാജേഷ് കുമാർ, മധുസൂദനൻ, സി.ഇ.ഒമാരായ ഷിബു, ഹംസ, വിനേഷ്, സജിത്ത്, രജിത, ജ്യോതി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.