തൃശൂർ: കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ നിർണായക വിവരങ്ങൾ ശേഖരിച്ച് പൊലീസ്. അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദാലി സാജിനെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പണമുണ്ടെന്ന വിവരം ചോർത്തി നൽകിയ 11ാം പ്രതി അബ്ദുൽ റഷീദിെൻറ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കുഴല്‍പണ കവര്‍ച്ച കേസില്‍ ഗുണ്ടാസംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റമടക്കമാണ് ചുമത്തിയിട്ടുള്ളത്. കാർ അപകടമുണ്ടാക്കി പണം തട്ടിയെടുത്തതായി പരാതി നൽകിയ ഷംജീറിെൻറ സഹായിയാണ് അബ്ദുൽ റഷീദ്. ഇയാളാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിലെ രാഷ്ട്രീയ ബന്ധമടക്കമുള്ള വിവരങ്ങള്‍ ഇരുവരില്‍നിന്ന് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഒളിവിലുള്ള സുജീഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പണം കൊടുത്തുവിട്ട ധര്മരാജന്, ധര്മരാജന് പണം കൈമാറിയ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ധർമരാജും സുനിൽ നായിക്കും തമ്മിൽ വർഷങ്ങളായി ബിസിനസ് ബന്ധമുണ്ടെന്നും ബിസിനസ് ആവശ്യത്തിനായി കൊടുത്തുവിട്ട 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നുമാണ് പൊലീസിന് നൽകിയ മൊഴിയെങ്കിലും പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുകയുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദേശീയ പാർട്ടിയുടെ പ്രചാരണത്തിനെത്തിച്ച മൂന്നരക്കോടിയോളം ഉണ്ടായിരുന്നുവെന്നാണ് ആക്ഷേപമെങ്കിലും അതിലും കൂടുതലുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.
കേസിലെ ഒമ്പതാം പ്രതിയിൽനിന്ന് മാത്രം 30 ലക്ഷത്തിലധികവും മറ്റൊരു പ്രതിയിൽനിന്ന് അരലക്ഷത്തോളവും ഒന്നാം പ്രതിയിൽനിന്നും ഒറ്റുകാരനിൽനിന്നുമായി പത്ത് ലക്ഷവും ഇവരുടെ 45 ലക്ഷത്തോളം രൂപയുടെ ഇടപാട് രേഖകളും പൊലീസിന് ലഭിച്ചു. മറ്റ് പ്രതികളെ കിട്ടുന്നതോടെയും അറസ്റ്റിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെയും പണം സംബന്ധിച്ച അന്തിമ കണക്ക് വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇവരുെട ഫോൺ രേഖകളും ഇവരുമായി ബന്ധമുള്ളവരെയും പൊലീസ് നിരീക്ഷണത്തിലാക്കി. ഉന്നത രാഷട്രീയ നേതാക്കളെയും പൊലീസിെൻറ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നാണ് സൂചന. ഒളിവിലുള്ള മറ്റ് പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.