തൃശൂർ: തൃശൂർ ജില്ലയിലെ കൊടകരക്കടുത്ത് 2021 ഏപ്രിൽ മൂന്നിന് പുലർച്ച 4.40ന് വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്തതാണ് ‘കൊടകര കുഴൽപ്പണ കേസ്’ ആയി പിന്നീട് വികസിച്ചത്. ‘അപകടത്തിൽപ്പെട്ട’ വാഹനത്തിന്റെ ഡ്രൈവർ ജംഷീർ നാല് ദിവസം കഴിഞ്ഞ്, ഏപ്രിൽ ഏഴിന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയപ്പോഴാണ് സ്വാഭാവികമല്ല, സൃഷ്ടിച്ച വാഹനാപകടമാണ് നടന്നതെന്ന് പുറംലോകം അറിഞ്ഞത്.
പിന്നാലെ കാസർകോട്ടെ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ധർമരാജൻ കൊടകരയിൽ നഷ്ടപ്പെട്ടത് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് താൻ കൊണ്ടുവന്ന പണമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോളാണ് 25 ലക്ഷമല്ല, മൂന്നര കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായത്.
കേസിൽ പല സമയത്തായി 22 പേരെ അറസ്റ്റ് ചെയ്യുകയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രനും ബി.ജെ.പി തൃശൂർ ജില്ല ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീഷും ഉൾപ്പെടെ 14 പേരെ സാക്ഷികളാക്കുകയും ചെയ്തു. ഒന്നര കോടിയോളം രൂപ പൊലീസ് വീണ്ടെടുത്തു. ബാക്കി തുക പിന്നീട് കിട്ടിയതുമില്ല.
തുടക്കത്തിൽ ആവേശത്തോടെ അന്വേഷിച്ച കേരള പൊലീസ് വന്നതും കവർന്നതും കുഴൽപ്പണമാണെന്നും അതിൽ ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടെന്നും പറഞ്ഞെങ്കിലും പിന്നീട് കേസ് തണുത്തു.
അന്വേഷണ ആരംഭത്തിൽ കെ. സുരേന്ദ്രനെ വരെ തൃശൂരിൽ വിളിപ്പിച്ച് തെളിവെടുത്തെങ്കിലും ആദ്യ കുറ്റപത്രത്തിൽ ഇത് വെറുമൊരു ‘പിടിച്ചുപറിക്കേസ്’ എന്ന മട്ടിലാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതിൽ ബി.ജെ.പി നേതാക്കളുടെ പങ്കോ ഇടപെടലോ പരാമർശിച്ചതുമില്ല.
കേരളത്തിലെ തെരഞ്ഞെടുപ്പിന് കർണാടകയിൽനിന്ന് 12 കോടി രൂപ കുഴൽപ്പണം എത്തിച്ചെന്ന ധർമരാജന്റെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കുഴൽപ്പണമാണ് എന്നതിന് വ്യക്തമായ തെളിവ് കിട്ടിയെന്നാണ് പൊലീസ് അവകാശപ്പെട്ടത്.
കുഴൽപ്പണം അന്വേഷിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും അതിനാലാണ് വ്യക്തമായ തെളിവുണ്ടായിട്ടും അന്തിമ കുറ്റപത്രത്തിൽ പാർട്ടിക്കാരെ പ്രതി ചേർക്കാത്തത് എന്നുമായിരുന്നു പൊലീസിന്റെ നിലപാട്.
പിന്നീട്, കൊടകരയിൽ കവർന്നത് കുഴൽപ്പണമാണെന്നും ഉറവിടവും ഇടപാടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള പൊലീസ് ഇ.ഡിക്കും തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിരുന്നു.
ഇതിൽ അന്വേഷണം നടത്തിയ ഇ.ഡി കേരള പൊലീസ് ‘വഴിയിലൂടെ പിടിച്ചുപറി’ അന്വേഷിച്ച് നീങ്ങുകയായിരുന്നു. കവർച്ചയിലെ പ്രതികളെ മാത്രമാണ് കേസിൽ ഇ.ഡി ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.