തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച കൊണ്ട് കേരളത്തിലെ ബി.ജെ.പിക്ക് ഏറെ ഗുണമുണ്ടായതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കൊടകര കുഴൽപണക്കേസ് ഈ കൂടിക്കാഴ്ചയിൽ മുങ്ങിപ്പോയതായി ട്വിറ്ററിൽ മുരളി കുറിച്ചു. കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്ന് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുരളിയുടെ ട്വീറ്റ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ വെറുതെയല്ല വെല്ലുവിളി നടത്തിയതെന്നും മുരളി ചൂണ്ടിക്കാട്ടി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ ഇനിയും തുടരും. ആയങ്കിമാരും തില്ലങ്കേരിമാരും കേസുകളിൽനിന്ന് നൈസായിട്ട് ഊരുമെന്നും മുരളി പറഞ്ഞു.
'ഈ കൂടിക്കാഴ്ച വഴി കേരളത്തിലെ ബി.ജെ.പിക്ക് ഉണ്ടായ ഗുണം ചെറുതല്ല. കൊടകര മുങ്ങി. സുരേന്ദ്രൻ വെറുതെയല്ല വെല്ലുവിളിച്ചത്. കൊടുക്കൽ വാങ്ങൽ തുടരും. ഇനി ആയങ്കിമാരും തില്ലങ്കേരിമാരും നൈസായിട്ട് ഊരും. കാത്തിരുന്നു കാണാം.' -മുരളിയുടെ ട്വീറ്റ് ഇതായിരുന്നു.
കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി നേതാക്കൾ പ്രതികളല്ലെന്നുള്ള കുറ്റപത്രത്തിനുപുറമെ ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. കവർച്ച കേസിന് ഊന്നൽ നൽകിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ജൂൈല 23ന് ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ചതാണെന്നാണ് പൊലീസ് നേരത്തേ ഇരിങ്ങാലക്കുട കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. പണം കൊണ്ടുവന്ന ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ പൊലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യമുണ്ടെങ്കിലും, കോടതിയിൽ നൽകിയ ഹരജിയിലുള്ളത് ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതെന്നാണ്. എന്നാൽ, ഇതിന് മതിയായ രേഖകൾ ധർമരാജൻ ഹാജരാക്കിയിട്ടുമില്ല.
പ്രതികളിൽനിന്നും സാക്ഷികളിൽനിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെല്ലാം ഇത് നിഷേധിക്കുന്ന മറുപടിയാണ് നൽകിയത്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോൾ പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രൻ ധർമരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടിൽ ബന്ധമില്ലെന്നാണറിയിച്ചത്. കള്ളപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെങ്കിലും കവർച്ചക്കേസിലാണ് പരാതി ലഭിച്ചത്. ഇതിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
നഷ്ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്കരമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. തെരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ് ഇതെന്ന് തെളിയിക്കുന്നതിനുള്ള തുെമ്പാന്നും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ബി.ജെ.പി നേതാക്കളിൽ നിന്ന് ലഭിച്ചിട്ടുമില്ല.
കേസുമായി ബന്ധപ്പെട്ട് 19 ബി.ജെ.പി നേതാക്കളെയാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും. പ്രതികൾ അറസ്റ്റിലായിട്ട് ജൂലൈ 26ന് 90 ദിവസം തികയും. അതിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.