ഗ്രൂപ്പുകളെ ഇനി ഹൈകമാൻഡ് പരിഗണിക്കില്ല, കെ.സി. വേണുഗോപാലിനെ പുറത്തുചാടിക്കാൻ ചിലർ ശ്രമിക്കുന്നു -കൊടിക്കുന്നില്‍

തിരുവനന്തപുരം: ഗ്രൂപ്പുകളെ പരിഗണിക്കേണ്ടെന്നാണ് കോൺഗ്രസ് ഹൈകമാൻഡ് ഇപ്പോഴെടുത്ത തീരുമാനമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. മുൻകാലങ്ങളിൽ ഹൈകമാൻഡ് ഗ്രൂപ്പുകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. അവർ പറയുന്ന രീതിയിലുള്ള തീരുമാനങ്ങളും ഭാരവാഹി പട്ടികകളുമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഹൈകമാൻഡ് കൈക്കൊണ്ട തീരുമാനം ഇനി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് -കൊടിക്കുന്നിൽ പറഞ്ഞു.

ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമസഭകക്ഷി തലത്തിലും കെ.പി.സി.സിയിലും മാറ്റമുണ്ടായത്. പാർട്ടിയിൽ രണ്ട് ചേരിയുണ്ടെന്ന് പറയാൻ പറ്റില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് അവസാനിക്കാൻ പോവുകയാണ്. ഇപ്പോൾ നിയമിച്ച പട്ടിക പുന:പരിശോധിക്കാനും പോകുന്നില്ല.

മുതിർന്ന നേതാക്കളുടെ പ്രസ്താവനകൾ പല തെറ്റിദ്ധാരണകളുടെയും കമ്യൂണിക്കേഷൻ ഗ്യാപ്പിന്‍റെയും ഭാഗമായി വന്നതാണ്. പക്ഷേ, ചർച്ചകൾ നടന്നില്ല എന്ന ആരോപണം ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ട്.

കെ.സി. വേണുഗോപാലിനെതിരെ പി.എസ്. പ്രശാന്ത് നടത്തിയ ആരോപണങ്ങളോട് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. കെ.സി. വേണുഗോപാലിനെതിരെ പലരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തിൽ കെ.സി. വേണുഗോപാൽ ഒരു തരത്തിലും ഇടപെട്ടിട്ടില്ല.

കെ.സി. വേണുഗോപാലിനെ ഹൈകമാൻഡിന് വിശ്വാസമുണ്ട്. അദ്ദേഹത്തെ ഏതുവിധേനയും പുകച്ച് പുറത്തുചാടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. താൻ ഒരു ഗ്രൂപ്പിന്‍റെയും മുഖ്യധാരയിലില്ല. താൻ എന്നും ഹൈകമാൻഡിനൊപ്പമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 

Tags:    
News Summary - kodikkunnil suresh responds to congress crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:34 GMT