തിരുവനന്തപുരം: കേന്ദ്രമന്ത്രി എന്ന പദവി വഹിക്കുന്ന സുരേഷ് ഗോപി പൊതുവിഷയങ്ങളില്‍ പ്രതികരണം നടത്തുമ്പോള്‍ ആത്മസംമയനം പാലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ പെരുമാറ്റം സിനിമ സ്റ്റൈലിലാണ്. അത് തിരുത്തണം. സിനിമ മേഖലയില്‍ നിന്ന് രാഷ്ട്രീയ രംഗത്ത് നേരിട്ട് വന്നതിന്റെ പരിചയക്കുറവാണത്. പടിപടിയായി പൊതുപ്രവര്‍ത്തനം നടത്തിവന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും അതിന്റെ പശ്ചാത്തലത്തിൽ പുറത്തുവരുന്ന അരോപണങ്ങളെയും വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ആദ്യമല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. അതിന്‍ മേല്‍ സര്‍ക്കാര്‍ ഉടനടി നടപടിയെടുക്കേണ്ടതായിരുന്നു. എന്നാലതിന് പകരം സര്‍ക്കാര്‍ നാലര വര്‍ഷത്തോളം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്രമിച്ചു.
വിവരാവകാശ കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ടത്. എന്നാല്‍ കമീഷന്‍ നിർദേശിക്കാത്ത ഭാഗം സര്‍ക്കാര്‍ സ്വമേധയാ വെട്ടിമാറ്റി. അതും ദുരൂഹമാണ്. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എത്ര ഉന്നതരായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സര്‍ക്കാരതിന് തയാറാകുമോയെന്നത് സംശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.