മലപ്പുറം: ഉപതെരഞ്ഞെടുപ്പിലുപരി വേങ്ങരയിൽ രാഷ്ട്രീയ സമരമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മലപ്പുറം പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങര ഫലം എൽ.ഡി.എഫിന് അനുകൂലമാകും. കമ്യൂണിസ്റ്റുകാരേക്കാൾ ഭേദം നേരന്ദ്രമോദിയാണെന്ന് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിതന്നെ പറഞ്ഞതായി അറിയുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളുടെയും പാണക്കാട് ഹൈദരലി തങ്ങളുടെയും അഭിപ്രായമറിയാൻ താൽപര്യമുണ്ട്. ആർ.എസ്.എസിനെ എതിർക്കുന്നതിൽ ലീഗിനുള്ള പരിമിതി എന്താണെന്ന് വ്യക്തമാക്കണം. കേരളത്തിനെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരവേലക്കുള്ള മറുപടിയാകും വേങ്ങരയിലെ ഫലം ^കോടിയേരി പറഞ്ഞു. ‘ലക്ഷണമൊത്ത’ നേതാക്കളെയാണ് ബി.ജെ.പി യാത്രയിൽ ഉൾപ്പെടുത്തിയത്. ആർ.എസ്.എസിന് കേരളത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഒരവസരവും സി.പി.എം നൽകില്ല.
ബി.ജെ.പിയുടെ വളർച്ചക്ക് സി.പി.എമ്മാണ് തടസ്സം. അതാണ് അവരെ അസ്വസ്ഥരാക്കുന്നത്. ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണോ ബി.ജെ.പി, സി.പി.എം ഓഫിസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് കമ്യൂണിസ്റ്റുകാരെ വിമർശിക്കുന്ന യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കണം. പ്രവർത്തകരെ ആർ.എസ്.എസുകാർ കൊന്നുതള്ളുന്നതും സി.പി.എം ആവശ്യപ്പെട്ടിട്ടാണോ?. കേന്ദ്രം നികുതി വർധിപ്പിച്ച ശേഷം സംസ്ഥാനത്തെ കുറ്റം പറയുകയാണ്. നികുതി കുറച്ച് മാതൃക കാണിക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സ് ഇല്ലാതാക്കാനുള്ള നീക്കം വിലപ്പോവില്ല. ദുർബല സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ഉണ്ടാക്കാനുള്ള ആർ.എസ്.എസ് നീക്കമാണിതിന് പിന്നിലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.