ന്യൂഡൽഹി: ബി.ജെ.പിക്കാർക്ക് രാജ്യത്ത് നല്ല മാട്ടിറച്ചി കഴിക്കണമെങ്കിൽ കേരളത്തിൽ ദേശീയ കൗൺസിൽ വിളിച്ചു ചേർക്കേണ്ട സ്ഥിതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിനാലാണ് കോഴിക്കോട്ട് ബി.ജെ.പി ദേശീയ നിർവാഹക സമിതി ചേർന്നതെന്നും ഇ.കെ. നായനാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. കേരളത്തെ പാകിസ്താനായി ചിത്രീകരിക്കുന്നതിനെതിരെ കേരളീയരാകെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ മാട്ടിറച്ചി കൂടുതൽ തിന്നുതീർക്കുന്നത് ആർ.എസ്.എസുകാരാണ്. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആർ.എസ്.എസുകാർ മാംസം കഴിക്കുന്നതിനാൽ കേരളത്തിൽ കന്നുകാലികശാപ്പ് നിർത്തിവെക്കാൻ അവർ സമ്മതിക്കില്ല. മലപ്പുറം പാർലമെൻറ് ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി പറഞ്ഞത് തന്നെ വിജയിപ്പിച്ചാൽ നല്ല മാട്ടിറച്ചി തരാമെന്നാണ്. കേരളത്തെ പാകിസ്താനായി ചിത്രീകരിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യങ്ങളുണ്ട്. സി.പി.എമ്മിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തുറന്നു പറയുകയാണ് വേണ്ടത്. കേരളത്തെ ആകെ വിമർശിക്കുകയല്ല വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
ശത്രുരാജ്യത്തിനെതിരെ യുദ്ധംചെയ്യേണ്ട സൈന്യം രാജ്യത്തെ ജനങ്ങളോട് യുദ്ധംചെയ്താൽ ഒറ്റപ്പെടുകയേ ഉള്ളൂ. ജമ്മു-കശ്മീരിൽ 1990 മുതൽ അഫ്സ്പ നിയമം നടപ്പാക്കിയിട്ട് സമാധാനം ഉണ്ടായിട്ടില്ല. ആ നിയമത്തിെൻറ പേരിൽ മണിപ്പൂരിൽ 1552 പേരെ കൊലപ്പെടുത്തിെയന്ന ആക്ഷേപം പരിശോധിക്കാൻ സുപ്രീംകോടതി കമീഷനെ നിയോഗിച്ചു. ആ നിയമം എടുത്തുകളയണമെന്നതാണ് സി.പി.എം നിലപാട്. കഴിഞ്ഞ ദിവസം ഒരു ചാനൽ താൻ സൈന്യത്തിനെതിരെ എന്തോ പറഞ്ഞുവെന്ന് വലിയ പ്രശ്നമാക്കി. പട്ടാളത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം കണ്ണൂരിൽ നടപ്പാക്കുന്നതിനെ അത് നടപ്പാക്കിയ ഇടങ്ങളിലെ അനുഭവം കാട്ടി ഉദാഹരിക്കുകയായിരുന്നു താൻ. കണ്ണൂരിൽ അത് നടപ്പാക്കുന്നത് സി.പി.എമ്മിനെ ഇല്ലാതാക്കാനാണ്. പട്ടാള അമിത അധികാര നിയമത്തിെൻറ പേരിൽ നടത്തുന്ന അതിക്രമത്തെ തുറന്നുകാട്ടണം. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയാൽ കേരളത്തിൽ ഭരണം പിടിക്കാൻ കഴിയില്ലെന്നതിനാലാണ് അവരെ അനുനയിപ്പിക്കാൻ ശ്രമിക്കണമെന്ന് അമിത് ഷാ തിരുവനന്തപുരത്ത് പറഞ്ഞത്. മാരീചൻ പൊന്മാെൻറ വേഷമിട്ട് ഇറങ്ങിയിരിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.