തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ സംഘടനകളും യു.ഡി.എഫും മുന്നണിയുണ്ടാക്കിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദ മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടുമായി യോജിച്ച് പ്രവർത്തിക്കുകയാണ് യു.ഡി.എഫ്. എസ്.എഡി.പി.ഐയുമായി കോൺഗ്രസിന് നേരത്തെ തന്നെ ധാരണയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ബന്ധമാണത്. അന്നത്തെ യു.ഡി.എഫ് കൺവീനർ തന്നെയാണ് ഇപ്പോഴും. ജമാഅത്തെ ഇസ്‍ലാമി അമീറിനെ കണ്ടും യു.ഡി.എഫ് ബന്ധം ഉറപ്പിച്ചിട്ടുണ്ടെന്നും കോടിയേരി ആരോപിച്ചു.
ഈ കൂട്ടുകെട്ട് വന്ന ശേഷമാണ് സോളിഡാരിറ്റിയുടെയും എസ്.ഡി.പി.ഐയുടെയും ആക്രമണോത്സുകത വർധിച്ചത്. അവർക്ക് പ്രധാന പ്രതിപക്ഷത്തിന്റെ പിന്തുണയാണ് കിട്ടുന്നത്. ആലപ്പുഴയിൽ നടന്ന കൊലപാതകം, ആർ.എസ്.എസും എസ്.ഡി.പി.ഐയും പരസ്പരം നടത്തിയിട്ടുള്ള കൊലപാതകങ്ങൾ, പാലക്കാട് നടന്നിട്ടുള്ള കൊലപാതകം എന്നിവ സമാന രീതിയിലുള്ളതാണ്. ഇവക്ക് പ്രേരണ നൽകിയത്‍ യു.ഡി.എഫ് -എസ്.ഡി.പി.ഐ ബന്ധമാണ്.
കേരള സമൂഹത്തിൽ തങ്ങൾ ഇടപെടുമ്പോൾ അംഗീകാരം കിട്ടുമെന്ന ആത്മവിശ്വാസം ഉണ്ടാക്കാൻ ഈ ബന്ധം സഹായിച്ചു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന ഓരോ സംഭവവും. തൃക്കാക്കരയിൽ എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് യു.ഡി.എഫ് പറയുമോ എന്നും കോടിയേരി ചോദിച്ചു. വിവാദ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് മുതിർന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. തുടർ നടപടികൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് നേരത്തെ തന്നെ ഇത്തരത്തിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. എല്ലാ സ്ഥലത്തും മത വിദ്വേഷമുണ്ടാക്കുക, പള്ളികൾ ക്ഷേത്രങ്ങളാക്കാൻ ശ്രമിക്കുക ഇത് ദേശവ്യാപകമായി ശക്തിപ്പെട്ടു വരികയാണ്. രാമനവമി ദിവസം 12 സംസ്ഥാനങ്ങളിലാണ് മുസ്‍ലിം മത വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ നടന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായും ആക്രമണങ്ങൾ നടന്നു.
ഇത്തരം ആക്രമണങ്ങൾ രാജ്യത്ത് വർധിച്ച് വരുന്നു. ഇവ കേരളത്തിൽ ഇല്ലാത്തത് ശക്തമായ മത നിരപേക്ഷ അടിത്തറയുള്ളതിനാലാണ്. അത് തകർക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനെതിരായി സർക്കാർ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാധ്യമാകുന്ന എല്ലാ നിയമ നടപടികളും ഇത്തരക്കാർക്കെതിരെ സ്വീകരിക്കണം. പൊതു സമൂഹവും ഇതിൽ ജാഗ്രത പാലിക്കണം. എല്ലാ രാഷ്ടീയ പാർട്ടികളും ജാഗ്രത പാലിച്ച് വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. അതിന് ശ്രമിക്കുന്നതിന് പകരം സർക്കാർ നിലപാടുകളെ പോലും എതിർക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും.
ബി.ജെ.പി പരസ്യമായി പി.സി. ജോർജിന് പിറകിൽ അണി നിരന്നിരിക്കുകയാണ്. അത്തരമൊരു നിലപാട് വരുമ്പോൾ സർക്കാറിന് നോക്കിയിരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് പി.സി.ജോർജിന്റെ അറസ്റ്റ് കോടതി നിർദേശമാണ്. പൂർണമായും നിയമാനുസൃത നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.