കൊടുവള്ളി: ദേശീയപാത 766ൽ കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നടപ്പിൽവരുത്തുമെന്നറിയിച്ച കൊടുവള്ളി ടൗൺ നവീകരണ പദ്ധതിക്ക് എൻ.ഒ.സി നൽകാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് റീജനൽ ഓഫിസർ അറിയിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. കൊടുവള്ളിയിൽ നിർമിക്കാൻ ഭരണാനുമതി ലഭിച്ച ഫ്ലൈ ഓവർ പ്രവൃത്തി നിർത്തിവെച്ചിട്ടുണ്ടോയെന്ന അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാത 766ന്റെ കോഴിക്കോട്-പുതുപ്പാടി ഭാഗം വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ തയാറാക്കി വരുന്നതിനാൽ ഇതേ റീച്ചിലെ മറ്റൊരു പ്രവൃത്തിക്ക് എൻ.ഒ.സി നൽകുന്നത് അഭികാമ്യമാകില്ല എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് റീജനൽ ഓഫിസർ അറിയിച്ചതായാണ് മന്ത്രി എം.എൽ.എയെ അറിയിച്ചത്. ഇതോടെ ടൗൺ നവീകരണ പദ്ധതിയും കൊടുവള്ളിക്ക് നഷ്ടമാവുമെന്നാണ് ആശങ്ക.
2016ൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കൊടുവള്ളി സിറാജ് മേൽപാലത്തിന്റെ നിർമാണത്തിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിനെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി കേരള സർക്കാർ നിയോഗിച്ചിട്ടുണ്ടായിരുന്നു. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കുകയും കിഫ്ബി 54.03 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ പദ്ധതിക്കു പകരം നിലവിലെ റോഡ് നവീകരിക്കാൻ ഡോ. എം.കെ. മുനീർ എം.എൽ.എ നിർദേശിച്ചതിനെത്തുടർന്ന് ഫ്ലൈ ഓവർ അണ്ടർപാസിനായുള്ള സ്ഥലമെടുപ്പ് നടപടിക്രമങ്ങൾ റദ്ദാക്കാനും കൊടുവള്ളി നഗരസഭയും എം.എൽ.എയും നിർദേശിച്ചതുപ്രകാരം ആവശ്യമുള്ള സ്ഥലലഭ്യത ഉറപ്പാക്കി കൊടുവള്ളി ജങ്ഷൻ നവീകരിക്കുന്നതിനും കിഫ്ബി നിർദേശം നൽകിയിരുന്നു. തുടർന്നാണ് കൊടുവള്ളി ജങ്ഷൻ വികസനത്തിന് എൻ.ഒ.സി ലഭ്യമാക്കാൻ അപേക്ഷ സമർപ്പിച്ചത്.
ഒന്നാം പിണറായി സർക്കാറിന്റെ 2016ലെ ബജറ്റിലാണ് മുൻ എം.എൽ.എ കാരാട്ട് റസാഖിന്റെ ശ്രമഫലമായി ആദ്യം 20 കോടി വകയിരുത്തിയത്. പിന്നീട് കിഫ്ബിയുടെ വിദഗ്ധ സംഘവും ആർ.ബി.ഡി.സിയും തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും പരിശോധിച്ച് 55 കോടിയോളം രൂപ ചെലവ് വരുന്ന ഫ്ലൈഓവറിനും അണ്ടർപാസിനും ഭരണാനുമതി ലഭിക്കുകയായിരുന്നു. പദ്ധതി പ്രവർത്തനം സ്ഥലമേറ്റെടുക്കൽ ഘട്ടംവരെ എത്തിയെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്നാണ് എം.കെ. മുനീർ എം.എൽ.എ ടൗൺ നവീകരണ പദ്ധതിയുമായി രംഗത്തുവന്നത്. സിറാജ് മേൽപാലം തുരങ്കപാത പദ്ധതിക്ക് പകരമായി ടൗൺ വീതികൂട്ടി റോഡ് നവീകരിക്കുന്നതിനാണ് പദ്ധതി ആസുത്രണം ചെയ്തത്. നിലവിലെ ഫണ്ട് തന്നെ വിനിയോഗിച്ചാണ് നവീകരണം നടക്കുകയെന്നുമായിരുന്നു അറിയിച്ചിരുന്നത്.
ഫെഡറൽ ബാങ്ക് മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗം പരമാവധി വീതികൂട്ടി റോഡ് നവീകരിക്കുന്നതോടൊപ്പം സിറാജ് ബൈപാസ് റോഡും നവീകരിക്കുന്നതായിരുന്നു പദ്ധതി. നിലവിൽ പൊതുമരാമത്ത് മന്ത്രിതന്നെ കൃത്യമായ മറുപടി നൽകിയ സാഹചര്യത്തിൽ ടൗൺ നവീകരണ പദ്ധതിയുടെ ഭാവി സംബന്ധിച്ച പുതിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.