കൊടുവള്ളി: ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊടുവള്ളി നഗരസഭ എൽ.ഡി.എഫ് കൗൺസിലർ പിടിയിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലർ അഹമ്മദ് ഉനൈസ് (28) ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ 10ഓടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ പൊലീസ് വിഭാഗം കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് അഹമ്മദ് ഉനൈസിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
നല്ലഗുണ്ട സ്വദേശിയായ ബെല്ലാ സാമന്ത് എന്നയാളുടെ പക്കൽനിന്ന് 47,36,640 രൂപയിലധികം വിവിധ ഘട്ടങ്ങളിലായി തട്ടിയെടുത്തതായ പരാതിയിൽ ഹൈദരാബാദ് സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന കണ്ടെത്തലിൽ ഇയാളെ അറസ്റ്റുചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയതായി കൊടുവള്ളി പൊലീസ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയതെന്നും പൊലീസ് പറഞ്ഞു.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് കൊടുവള്ളി നഗരസഭ കരീറ്റിപ്പറമ്പ് വെസ്റ്റ് ഡിവിഷനിൽനിന്ന് ഉനൈസ് തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.